പി.എസ്.സി. നിയമനങ്ങളുടെ സർവീസ് റെഗുലറൈസേഷൻ
കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസ് (KS&SSR) പ്രകാരമുള്ള സർവീസ് റെഗുലറൈസേഷൻ (Service Regularisation) അഥവാ സർവീസ് ക്രമപ്പെടുത്തൽ എന്നത്, സർക്കാർ ജീവനക്കാരന്റെ നിയമനം നിയമാനുസൃതമായി സ്ഥിരപ്പെടുത്തുന്ന നടപടിക്രമമാണ്. KS&SSR Part II Rule 10(b) അനുസരിച്ച്, പി.എസ്.സി. മുഖേന നേരിട്ട് നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനം ആദ്യം താൽക്കാലിക (Temporary) നിയമനമായാണ് കണക്കാക്കുന്നത്. ഉദ്യോഗസ്ഥന്റെ സ്വഭാവവും മുൻകാല പശ്ചാത്തലവും (Character and Antecedents) സംബന്ധിച്ച പോലീസ് പരിശോധന തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് നിയമനം റെഗുലർ സർവീസായി അംഗീകരിക്കുന്നത്. ഇത്തരത്തിൽ സർവീസ് റെഗുലറൈസ് ചെയ്യുമ്പോൾ, ഉദ്യോഗസ്ഥന് താൽക്കാലിക നിയമന തീയതി മുതൽ തന്നെ റെഗുലർ സർവീസിൽ പ്രവേശിച്ചതായി കണക്കാക്കപ്പെടുന്നു.
വയനാട് ജില്ലയിലെ നിയമനത്തട്ടിപ്പുകളെ തുടർന്നുണ്ടായ സാഹചര്യത്തിൽ, സർക്കാർ നിയമനങ്ങളിലെ സുതാര്യതയും വിശ്വാസ്യതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2010 ഡിസംബർ 14-ന് പി.എസ്.സി. നിയമനങ്ങളുടെ റെഗുലറൈസേഷൻ നടപടിക്രമങ്ങളിൽ സുപ്രധാനമായ ഭേദഗതി കൊണ്ടുവന്നു. ഇതോടെ, പോലീസ് വെരിഫിക്കേഷനൊപ്പം പി.എസ്.സി. വെരിഫിക്കേഷൻ റിപ്പോർട്ടും സർവീസ് റെഗുലറൈസേഷിന് നിർബന്ധമാക്കി. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ 2011-ൽ സർക്കാർ വിശദമായ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. അതനുസരിച്ച്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെയുള്ള എല്ലാ നേരിട്ടുള്ള നിയമിതരും സർവീസിൽ പ്രവേശിക്കുന്ന സമയത്ത് അസിസ്റ്റന്റ് സർജനിൽ കുറയാത്ത പദവിയിലുള്ള മെഡിക്കൽ ഓഫീസർ നൽകിയ, വിരലടയാളവും സാക്ഷ്യപ്പെടുത്തിയ ഫോട്ടോയും ഉൾപ്പെടുത്തിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഉദ്യോഗസ്ഥൻ ജോലിയിൽ പ്രവേശിച്ച് പരമാവധി ഒരാഴ്ചയ്ക്കകം സേവനപുസ്തകം (നിലവിൽ e-Service Book) തുറന്ന്, അതിലെ വ്യക്തിവിവരങ്ങൾ, വിരലടയാളം, ഒപ്പ്, തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.യ്ക്ക് കൈമാറേണ്ടതുമാണ്.
2021 ജനുവരി 1 മുതൽ സർവീസിൽ പ്രവേശിച്ച ജീവനക്കാർക്ക് ഇ സർവീസ് ആയതിനാൽ ജീവനക്കാരുടെ നിയമന പരിശോധനയ്ക്കായി നിയമനാധികാരികൾ സമർപ്പിക്കേണ്ട രേഖകളിലും സർക്കാർ കൂടുതൽ വ്യക്തത വരുത്തി. ജീവനക്കാരന്റെ Personal Memorandum, സർവീസ് വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രൊഫോർമ, നിയമന ശിപാർശ കത്തിന്റെയും നിയമന ഉത്തരവിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കൂടാതെ അസ്സൽ One Time Verification Certificate-ന്റെ എല്ലാ പേജുകളിലെയും Part II പൂർണമായും പൂരിപ്പിച്ച് നിയമനാധികാരിയുടെ പേരും ഒപ്പും ഔദ്യോഗിക സീലും പതിപ്പിച്ച രേഖകൾ എന്നിവ നിർബന്ധമായും പി.എസ്.സി.യ്ക്ക് സമർപ്പിക്കണം. തുടർന്ന് പി.എസ്.സി. നിശ്ചയിക്കുന്ന തീയതിയിൽ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി പരിശോധനയ്ക്ക് വിധേയനാകണം. പി.എസ്.സി. ഉദ്യോഗസ്ഥർ എല്ലാ രേഖകളും വിശദമായി പരിശോധിച്ച് നിയമനത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയ ശേഷമാണ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിയമനാധികാരിക്ക് തിരികെ നൽകുന്നത്.
ഇപ്രകാരം ലഭിക്കുന്ന പി.എസ്.സി. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ജീവനക്കാരന്റെ സേവനപുസ്തകത്തിൽ നിർബന്ധമായും പതിച്ചു സൂക്ഷിക്കണമെന്നും, അതിലെ വിവരങ്ങൾ സേവനപുസ്തകത്തിൽ രേഖപ്പെടുത്തി നിയമനാധികാരി സാക്ഷ്യപ്പെടുത്തണമെന്നും 2012-ലെ സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചു. ഇതോടൊപ്പം, സർവീസ് വെരിഫിക്കേഷനായി പി.എസ്.സി. ഓഫീസിൽ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു പ്രധാന ആനുകൂല്യവും സർക്കാർ അനുവദിച്ചു. വെരിഫിക്കേഷനായി ഓഫീസിൽ നിന്നും പി.എസ്.സി. ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനെടുത്ത യഥാർത്ഥ സമയം ഔദ്യോഗിക ഡ്യൂട്ടിയായി കണക്കാക്കുകയും, ആ യാത്രയ്ക്ക് നിലവിലുള്ള ചട്ടങ്ങൾ പ്രകാരം യാത്രാബത്ത (TA), ദിനബത്ത (DA) എന്നിവ അനുവദനീയമാണെന്നും സർക്കാർ വ്യക്തമാക്കി.
ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സേവനപുസ്തകം നിയമനാധികാരികൾ സൂക്ഷിക്കാത്തതിനാൽ പ്രായോഗികമായി നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 2013-ലും 2014-ലും സർക്കാർ കൂടുതൽ ഭേദഗതികൾ നടപ്പിലാക്കി. ഗസറ്റഡ് തസ്തികയിലേക്ക് നേരിട്ടോ ട്രാൻസ്ഫർ വഴിയോ നിയമിതരാകുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കി ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിനൊപ്പം ഒരാഴ്ചയ്ക്കകം പി.എസ്.സി.യ്ക്കും അക്കൗണ്ടന്റ് ജനറലിനും അയയ്ക്കണമെന്ന് നിർദേശിച്ചു. കൂടാതെ, പി.എസ്.സി. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും നിയമനാധികാരിയുടെ ഓഫീസിൽ സൂക്ഷിക്കുകയും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അക്കൗണ്ടന്റ് ജനറലിന് കൈമാറുകയും വേണം. എന്നാൽ, പ്രൊമോഷൻ വഴി ഗസറ്റഡ് തസ്തികയിൽ എത്തുന്ന ഉദ്യോഗസ്ഥർക്കും ഇതേ നടപടിക്രമം ബാധകമാക്കുന്നത് അനാവശ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പി.എസ്.സി. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, 2014 മെയ് 17-ന് സർക്കാർ വീണ്ടും ഭേദഗതി വരുത്തി, പ്രൊമോഷൻ മുഖേന ഗസറ്റഡ് തസ്തികയിൽ നിയമിതരാകുന്ന ഉദ്യോഗസ്ഥർക്ക് പി.എസ്.സി. സർവീസ് വെരിഫിക്കേഷൻ ആവശ്യമില്ലെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തു.
സർവീസ് റെഗുലറൈസേഷന്റെ ഭാഗമായി പി.എസ്.സി. വെരിഫിക്കേഷനിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ ചില പ്രധാന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെരിഫിക്കേഷൻ സമയത്ത് നിയമന ശിപാർശ കത്തിലെ പേരും മേൽവിലാസവും ജനനത്തീയതിയും തെളിയിക്കുന്നതിനായി അസ്സൽ SSLC സർട്ടിഫിക്കറ്റും, പി.എസ്.സി. അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും നിർബന്ധമായും ഹാജരാക്കണം. ബന്ധപ്പെട്ട വകുപ്പോ സ്ഥാപനമോ നൽകിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ലഭ്യമായിട്ടുണ്ടെങ്കിൽ അതും ഹാജരാക്കേണ്ടതാണ്. നിയമന ശിപാർശ കത്തിലെ മേൽവിലാസം, തിരിച്ചറിയൽ രേഖയിലെ മേൽവിലാസം, സേവനപുസ്തകത്തിലെ മേൽവിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ, അവയിലെല്ലാം പരാമർശിച്ചിരിക്കുന്ന വ്യക്തി ഒരാൾ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
വെരിഫിക്കേഷൻ ഫോറം പൂരിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥർ ചില അടിസ്ഥാന വിവരങ്ങൾ മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ടതാണ്. നിയമന ശിപാർശ കത്തിന്റെയും നിയമന ഉത്തരവിന്റെയും നമ്പറും തീയതിയും, ബന്ധപ്പെട്ട റാങ്ക് ലിസ്റ്റ് നമ്പർ, റാങ്ക് നമ്പർ, രജിസ്റ്റർ നമ്പർ/ഇന്റർവ്യൂ ക്രമ നമ്പർ, നിയമനം ലഭിച്ച ഊഴം, ശമ്പള സ്കെയിൽ, ജോലിയിൽ പ്രവേശിച്ച തീയതി, ഓഫിസിന്റെ പേര്, നിയമനാധികാരിയുടെ പേര് തുടങ്ങിയ വിവരങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. കൂടാതെ One Time Verification Certificate മുഖേന നിയമന പരിശോധനയ്ക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് ഫീസായ ₹210 പി.എസ്.സി. One Time Registration പ്രൊഫൈലിലെ Service Verification ലിങ്ക് വഴി e-Payment സംവിധാനത്തിലൂടെ മാത്രം അടയ്ക്കേണ്ടതാണ്. ഈ ഫീസ് മാനുവൽ ചെലാൻ വഴിയോ e-Chalan വഴിയോ സ്വീകരിക്കുന്നതല്ല. ഇത്തരത്തിൽ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ച ശേഷമാണ് പി.എസ്.സി. നിയമനം പൂർണമായും റെഗുലറൈസ് ചെയ്യപ്പെടുകയും ഉദ്യോഗസ്ഥന്റെ സ്ഥിരസർവീസ് ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നത്.
#psc #kerala #governmentemployees #serviceverification #policeverification


No comments:
Post a Comment