2011-ൽ ഉത്തരവ്… 15 വർഷമായിട്ടും സ്പെഷ്യൽ റൂൾ ഭേദഗതി ചുവപ്പുനാടയിൽ!
2011 ജൂലൈ 1-ന് കേരള സർക്കാർ G.O.(Ms) No.21/2011/P&ARD പ്രകാരം വിവിധ വകുപ്പുകളിലെ Lower Division Clerk (LDC) ഉൾപ്പെടെയുള്ള നിരവധി തസ്തികകളുടെ വിദ്യാഭ്യാസ യോഗ്യതയിൽ സുപ്രധാനമായ മാറ്റം വരുത്തി. അതനുസരിച്ച് ക്ലാർക്ക് തസ്തികയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത SSLC-യിൽ നിന്ന് Plus Two അല്ലെങ്കിൽ തത്തുല്യം എന്നാക്കി സർക്കാർ ഉത്തരവിറക്കി. എന്നാൽ അതേ സർക്കാർ ഉത്തരവിൽ തന്നെ ഒരു നിർണായക വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു:
“Amendment to relevant Special Rules shall be issued separately.”
അതായത്, സർക്കാർ വിദ്യാഭ്യാസ യോഗ്യത മാറ്റാൻ നയപരമായ തീരുമാനം എടുത്തെങ്കിലും, ആ മാറ്റം ബന്ധപ്പെട്ട വകുപ്പുകളുടെ Special Rules (വിശേഷാൽ ചട്ടങ്ങൾ) ഭേദഗതി ചെയ്ത ശേഷമേ നിയമപരമായി പൂർണമായി പ്രാബല്യത്തിൽ വരികയുള്ളൂ എന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ അതിനുശേഷം കാര്യങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോയില്ല.
2013-ൽ സർക്കാർ G.O.(Ms) No.21/2013/P&ARD മുഖേന കൂടുതൽ വ്യക്തത വരുത്തി. കേരള മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവീസിനായുള്ള പ്രത്യേക വിശേഷാൽ ചട്ടങ്ങൾ ഇതുവരെ രൂപീകരിച്ചിട്ടില്ലെന്നും, റവന്യൂ, സാമൂഹ്യനീതി, മുനിസിപ്പൽ കോമൺ സർവീസ് , ട്രഷറി ഉൾപ്പെടെയുള്ള പല വകുപ്പുകളിലും LDC തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത Plus Two ആക്കി Special Rules ഭേദഗതി ചെയ്തിട്ടില്ലെന്നും സർക്കാർ വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ, 2011-ലെ സർക്കാർ ഉത്തരവിലെ വിദ്യാഭ്യാസ യോഗ്യത (Operation of the Government Order) താൽക്കാലികമായി നിർത്തിവയ്ക്കുകയും, ബന്ധപ്പെട്ട വകുപ്പുകളുടെ Special Rules ഭേദഗതി ചെയ്യുന്നതുവരെ LDC തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത “A Pass in SSLC or its equivalent” എന്ന രീതിയിൽ തുടരുമെന്നും സർക്കാർ ഉത്തരവിട്ടു.
അതിനാൽ 2011-ലെ സർക്കാർ ഉത്തരവിലൂടെ പ്രഖ്യാപിച്ച Plus Two യോഗ്യത, ബന്ധപ്പെട്ട വകുപ്പുകളുടെ Special Rules ഭേദഗതി ചെയ്യുന്നതുവരെ പ്രാബല്യത്തിൽ വരില്ലെന്ന് സർക്കാർ തന്നെ 2013-ൽ വ്യക്തമായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ ഏറ്റവും ശ്രദ്ധേയമായ വസ്തുത എന്തെന്നാൽ, 2011-ൽ സർക്കാർ ഉത്തരവിറങ്ങിയിട്ടും 2026-ലും പല വകുപ്പുകളിലും അതിനനുസരിച്ചുള്ള Special Rule ഭേദഗതി പൂർത്തിയായിട്ടില്ല എന്നതാണ്. ഏകദേശം 15 വർഷത്തോളമായിട്ടും ഒരു സർക്കാർ ഉത്തരവ് ബന്ധപ്പെട്ട സർവീസ് റൂളിൽ പ്രതിഫലിക്കാതെ തുടരുന്നത്, Special Rule ഭേദഗതി എന്ന പ്രക്രിയ എത്രമാത്രം സങ്കീർണ്ണവും സമയമെടുക്കുന്നതുമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
ഇത് കണ്ടാണ് പലർക്കും സ്വാഭാവികമായി ഒരു സംശയം ഉയരുന്നത്.
“സർക്കാർ ഉത്തരവ് ഇറങ്ങിയല്ലോ… പിന്നെ Special Rule ഭേദഗതി ഉടൻ വരാത്തത് എന്തുകൊണ്ട്?”
സ്പെഷ്യൽ റൂൾ ഭേദഗതി എന്നത് വളരെ കാലതാമസം ഉള്ള ഒരു സർക്കാർ പ്രക്രിയ ആണ്. എന്നാൽ ഇവിടെ 15 വർഷത്തോളം ആണ് കാലതാമസം. അത് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല.
Special Rule ഭേദഗതിയുടെ യഥാർത്ഥ നടപടിക്രമം നമുക്ക് ഒന്ന് പരിശോധിക്കാം
ഒരു Government Order (GO) ഇറക്കുന്നത് ഒരു നയപരമായ (Policy) തീരുമാനമാണ്. എന്നാൽ ആ തീരുമാനം ബന്ധപ്പെട്ട തസ്തികയുടെ നിയമപരമായ സർവീസ് റൂളിന്റെ ഭാഗമാകണമെങ്കിൽ, അത് Special Rules-ൽ ഭേദഗതി ചെയ്യേണ്ടതുണ്ട്. അതൊരു സർക്കാർ ഉത്തരവിനേക്കാൾ ദീർഘവും നിയമപരവുമായ പ്രത്യേക നടപടിക്രമമാണ്.
Special Rule ഭേദഗതി ഒരു Long Time Procedure ആണ്. സാധാരണയായി മൂന്ന് മുതൽ നാല് വർഷം വരെ സമയമെടുക്കുന്ന നിയമപരമായ നടപടിക്രമമാണിത്. ചില സാഹചര്യങ്ങളിൽ അതിലും കൂടുതൽ സമയം വേണ്ടിവരും. കാരണം, ഇത് ഒരു വകുപ്പിന്റെ തീരുമാനമോ ഒരു ഉദ്യോഗസ്ഥന്റെ ഒപ്പോ മാത്രം കൊണ്ട് പൂർത്തിയാകുന്ന നടപടിയല്ല.
Special Rule ഭേദഗതിയിൽ കാലതാമസം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം, ഈ നടപടിക്രമം നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതാണ്.
ആദ്യം ബന്ധപ്പെട്ട ഡയറക്ടറേറ്റിലാണ് ഭേദഗതി ആവശ്യമായ വിഷയങ്ങൾ വിശദമായി പരിശോധിച്ച് ഒരു Proposal (കരട് നിർദ്ദേശം) തയ്യാറാക്കുന്നത്. ഇതിനായി ബന്ധപ്പെട്ട സർവീസ് സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ ശേഖരിക്കുകയും ആവശ്യമായ ഭേദഗതികൾ ഉൾപ്പെടുത്തി സമഗ്രമായ കരട് തയ്യാറാക്കുകയും ചെയ്യുന്നു. തുടർന്ന് ഡയറക്ടർ അത് ബന്ധപ്പെട്ട ഭരണവകുപ്പിലെ സെക്രട്ടറിക്ക് ശുപാർശയായി അയക്കുന്നു.
Proposal ഭരണവകുപ്പിലെത്തിയാൽ അവിടെയും വിശദമായ പരിശോധന നടക്കും. സെക്രട്ടറി വീണ്ടും സർവീസ് സംഘടനകളുമായി ചർച്ച നടത്തും. സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ പരിശോധിക്കും. ഡയറക്ടറേറ്റിൽ നിന്ന് വന്ന Proposal-ൽ കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ ആവശ്യമാണെന്ന് കണ്ടെത്തിയാൽ അത് വീണ്ടും ഡയറക്ടറേറ്റിലേക്ക് തിരികെ അയക്കും. മാറ്റങ്ങൾ ആവശ്യമില്ലെങ്കിൽ Proposal P&ARD യിലേക്ക് അയക്കപ്പെടും.
തുടർന്ന് ഭരണവകുപ്പ് സെക്രട്ടറിയുടെ (ചെയർമാൻ) നേതൃത്വത്തിൽ ഒരു കമ്മിറ്റിക്ക് മുമ്പാകെ കരട് സമർപ്പിക്കണം. P&ARD സെക്രട്ടറി (അല്ലെങ്കിൽ പ്രതിനിധി), നിയമ സെക്രട്ടറി (അല്ലെങ്കിൽ പ്രതിനിധി), വകുപ്പ് മേധാവി എന്നിവരാണ് മറ്റ് അംഗങ്ങൾ. മീറ്റിംഗിന് 15 ദിവസം മുമ്പ് തന്നെ കമ്മിറ്റി അംഗങ്ങൾക്ക് കരട് പകർപ്പുകൾ നൽകിയിരിക്കണം.
കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം നിയമ വകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്കായി ഫയൽ അയക്കണം.
ഭേദഗതിയുടെ സ്വഭാവമനുസരിച്ച്, ബന്ധപ്പെട്ട തസ്തികയുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ കേരള പി.എസ്.സി.യുടെ അഭിപ്രായവും തേടും. അതിനായി Proposal PSC-ലേക്ക് അയക്കും.
ഇതെല്ലാം പൂർത്തിയായ ശേഷമാണ് Proposal നിയമസഭാ സമിതിയുടെ പരിഗണനയ്ക്ക് പോകുന്നത്. അവിടെ നടപടിക്രമങ്ങൾ ശരിയായിട്ടുണ്ടോയെന്നും നിയമപരമായ എല്ലാ ഘട്ടങ്ങളും പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
നിയമസഭാ സമിതിയുടെ പരിഗണന പൂർത്തിയായ ശേഷം Proposal മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും.
മന്ത്രിസഭ അംഗീകരിച്ചതിന് ശേഷമാണ് അന്തിമ ഭേദഗതി കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത്.
ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതലാണ് Special Rule ഭേദഗതി നിയമപരമായി പ്രാബല്യത്തിൽ വരുന്നത്.
ഈ മുഴുവൻ നടപടിക്രമത്തിൽ ഏറ്റവും നിർണായകമായ ഘട്ടം ആദ്യ Proposal തയ്യാറാക്കുന്നതാണ്.
ആദ്യഘട്ടത്തിൽ ഡയറക്ടറേറ്റ് തയ്യാറാക്കുന്ന Proposal-ൽ ആവശ്യമായ എല്ലാ ഭേദഗതികളും കൃത്യമായി ഉൾപ്പെടുത്തിയില്ലെങ്കിൽ പിന്നീട് ചെറിയൊരു തിരുത്തൽ പോലും വലിയ കാലതാമസത്തിന് കാരണമാകും. ഒരു വാചകമാറ്റമോ, ഒരു കോമയോ, ഒരു ചെറിയ നിയമപരമായ തിരുത്തലോ പോലും Proposal വീണ്ടും ഡയറക്ടറേറ്റ്, ഭരണവകുപ്പ്, നിയമവകുപ്പ്, P&ARD, PSC തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെ വീണ്ടും സഞ്ചരിക്കേണ്ട സാഹചര്യം സൃഷ്ടിച്ചേക്കാം. അതുകൊണ്ടാണ് ആദ്യ Proposal സമഗ്രവും പിഴവുകളില്ലാത്തതുമായിരിക്കണമെന്ന് ഭരണനടപടികളിൽ പ്രത്യേക പ്രാധാന്യം നൽകുന്നത്.
അതിനാൽ Special Rule ഭേദഗതിയിൽ കാലതാമസം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ഡയറക്ടറേറ്റ്, ഭരണവകുപ്പ്, നിയമവകുപ്പ്, P&ARD, PSC, നിയമസഭാ സമിതി, മന്ത്രിസഭ എന്നിവിടങ്ങളിലെ വിവിധ തലത്തിലുള്ള പരിശോധനകളും ശുപാർശകളും, പരസ്പര കത്തിടപാടുകളും, ആവശ്യമായ തിരുത്തലുകളും, വീണ്ടും പരിശോധനകളും തന്നെയാണ്. ഈ ഘട്ടങ്ങൾ പൂർത്തിയാകാതെ ഒരു Special Rule ഭേദഗതിയും നിയമമാകില്ല.
ഈ യാഥാർത്ഥ്യത്തിന് ഏറ്റവും പുതിയ ഉദാഹരണമാണ് 2025 മാർച്ച് 12-ന് P&ARD പുറത്തിറക്കിയ കത്ത് (Rules-3/289/2024-P&ARD). 2011-ൽ തന്നെ ക്ലാർക്ക് തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത Plus Two ആക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും, ചില വകുപ്പുകളുടെ Special Rules-ൽ ഇപ്പോഴും SSLC എന്ന പഴയ യോഗ്യത തുടരുന്നതിനാൽ, അത് Plus Two ആയി തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ വീണ്ടും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത് വ്യക്തമാക്കുന്നത് ഒരു കാര്യമാണ് — 2011-ലെ സർക്കാർ തീരുമാനം ഇന്നും ചില വകുപ്പുകളിൽ Special Rules ഭേദഗതി പൂർത്തിയാകാത്തതിനാൽ ഇന്നും പഴയ സ്ഥിതി തന്നെ തുടരുക ആണ്.
#LDC #Clerk #GovernmentEmployees #Kerala #SpecialRules


No comments:
Post a Comment