Subscribe Us

Breaking News
Loading latest posts...

Tuesday, July 28, 2026

SLI, GIS : സർക്കാർ ജീവനക്കാരുടെ സുരക്ഷയ്ക്ക് ഇത് മതിയാകുമോ?

 SLI, GIS : സർക്കാർ ജീവനക്കാരുടെ സുരക്ഷയ്ക്ക് ഇത് മതിയാകുമോ?



കേരള സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിർബന്ധമായും പിടിക്കുന്ന രണ്ട് പ്രധാന ഇൻഷുറൻസ് പദ്ധതികളാണ് SLI (State Life Insurance)യും GIS (Group Insurance Scheme)യും. ഈ പദ്ധതികൾ ആരംഭിച്ച കാലത്ത് ഇവ വളരെ മികച്ച സുരക്ഷാ സംവിധാനങ്ങളായിരുന്നു. എന്നാൽ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിലും ഇൻഷുറൻസ് മേഖലയിലെ വലിയ മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ സ്വാഭാവികമായും ഉയരുന്നുണ്ട്.

നിലവിൽ GIS പദ്ധതിയിൽ ₹100 പ്രതിമാസ പ്രീമിയത്തിന് ₹2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കുന്നത്. ഉദാഹരണത്തിന് ഒരു ഗ്രൂപ്പ് സി ജീവനക്കാരൻ പ്രതിമാസം ₹800 GIS പ്രീമിയമായി അടയ്ക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന് ലഭിക്കുന്ന ലൈഫ് കവറേജ് ₹16 ലക്ഷം രൂപയാണ്. അതേസമയം പ്രതിമാസം ₹1000 പ്രീമിയമുള്ള SLI പോളിസി എടുത്ത ഒരു ജീവനക്കാരന് പ്രായത്തിനനുസരിച്ച് വ്യത്യസ്തമായ തുകയാണ് ലഭിക്കുന്നത്. 25-ാം വയസ്സിൽ പോളിസി എടുത്താൽ (വിരമിക്കൽ പ്രായം 60) ഏകദേശം ₹15.34 ലക്ഷം രൂപ ലഭിക്കുമ്പോൾ, 30-ാം വയസ്സിൽ അത് ₹13.49 ലക്ഷമായും, 35-ാം വയസ്സിൽ ₹10.46 ലക്ഷമായും, 40-ാം വയസ്സിൽ ₹9.08 ലക്ഷമായും കുറയുന്നു. അതായത് പ്രായം കൂടുന്നതിനനുസരിച്ച് ലഭിക്കുന്ന പരിരക്ഷയുടെ മൂല്യവും കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

25 വയസ്സുള്ള ഒരു ഗ്രൂപ്പ് സി ജീവനക്കാരന്റെ ഉദാഹരണം എടുത്താൽ, പ്രതിമാസം ₹800 GIS നും ₹1000 SLI നുമായി ആകെ ₹1800 രൂപയാണ് പ്രീമിയമായി നൽകുന്നത്. ഇതിന് ലഭിക്കുന്ന ആകെ ലൈഫ് കവറേജ് ഏകദേശം ₹31.34 ലക്ഷം രൂപ മാത്രമാണ്. എന്നാൽ അതേ ₹1800 രൂപ ഇന്ന് ഒരു സ്വകാര്യ ടേം ഇൻഷുറൻസിലേക്ക് നിക്ഷേപിച്ചാൽ, ഒരു ആരോഗ്യവാനായ 25 വയസ്സുകാരന് ₹2.5 കോടി മുതൽ ₹3 കോടി വരെ ലൈഫ് കവറേജും, കൂടാതെ ₹25 ലക്ഷം മുതൽ ₹50 ലക്ഷം വരെ ക്രിട്ടിക്കൽ ഇല്ല്നസ് കവറും, ആക്‌സിഡന്റൽ ഡെത്ത് ബെനിഫിറ്റും, സ്ഥിരമായ വൈകല്യത്തിനുള്ള പരിരക്ഷയും, പ്രീമിയം വേവർ പോലുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കുന്ന സാഹചര്യമാണ് ഇൻഷുറൻസ് വിപണിയിൽ നിലവിലുള്ളത്. അതായത് അതേ തുകയ്ക്ക് സർക്കാർ പദ്ധതികൾ നൽകുന്നതിനെക്കാൾ നിരവധി മടങ്ങ് കൂടുതൽ സാമ്പത്തിക സുരക്ഷ സ്വകാര്യ ഇൻഷുറൻസ് മേഖലയിലൂടെ ലഭ്യമാകുന്നുണ്ട്.

ഇൻഷുറൻസ് എന്നത് ഒരു നിക്ഷേപമല്ല എന്ന സത്യം നമ്മൾ പലപ്പോഴും മറക്കാറുണ്ട്. പലരും ഇൻഷുറൻസിനെ വിലയിരുത്തുന്നത് “എത്ര രൂപ തിരികെ ലഭിക്കും” എന്ന മാനദണ്ഡം ഉപയോഗിച്ചാണ്. എന്നാൽ യഥാർത്ഥ ചോദ്യം “നമ്മളില്ലാത്ത സാഹചര്യത്തിൽ നമ്മുടെ കുടുംബത്തിന് എത്രത്തോളം സാമ്പത്തിക സുരക്ഷ ലഭിക്കും?” എന്നതാണ്. ഇന്ന് ഒരു കുടുംബത്തിന്റെ മാസച്ചെലവ് ₹30,000 ആണെങ്കിൽ വർഷത്തിൽ ഏകദേശം ₹3.6 ലക്ഷം രൂപ ആവശ്യമാണ്. 8 ശതമാനം പലിശ കണക്കാക്കിയാൽ പോലും ഈ വരുമാനം ലഭിക്കാൻ കുറഞ്ഞത് ₹45 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോൾ ഇന്നത്തെ സാഹചര്യത്തിൽ ₹1 കോടി രൂപയുടെ ലൈഫ് കവറേജ് പോലും പല കുടുംബങ്ങൾക്കും വലിയ തുകയായി കണക്കാക്കാനാകില്ല.

കവറേജിന്റെ കാര്യത്തിൽ മാത്രമല്ല, സേവനങ്ങളുടെ കാര്യത്തിലും വലിയ മാറ്റങ്ങളാണ് ഇൻഷുറൻസ് മേഖലയിലുണ്ടായിരിക്കുന്നത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഇന്ന് ഓൺലൈൻ അപേക്ഷ, മൊബൈൽ ആപ്പ് വഴി ട്രാക്കിംഗ്, 24 മണിക്കൂർ കസ്റ്റമർ സപ്പോർട്ട്, ഓൺലൈൻ രേഖ അപ്‌ലോഡ്, പ്രത്യേക ക്ലെയിം സഹായ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് നൽകുന്നത്. പല കമ്പനികളും 7 മുതൽ 10 ദിവസത്തിനുള്ളിൽ ക്ലെയിമുകൾ തീർപ്പാക്കുകയും ചെയ്യുന്നു.

അതേസമയം SLI, GIS സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പല ജീവനക്കാർക്കും ദുരനുഭവങ്ങൾ മാത്രമാണ് ഉള്ളത് വർഷങ്ങളോളം പാസ്ബുക്ക് ലഭിക്കാത്ത സാഹചര്യം, വിരമിച്ച ശേഷം പഴയ ഓഫീസുകളിൽ നിന്നും ഡിഡക്ഷൻ വിവരങ്ങൾ ശേഖരിക്കേണ്ടി വരുന്നത്, നിരവധി ഓഫീസുകളിൽ നിന്നും ഒപ്പും സീലും വാങ്ങേണ്ട അവസ്ഥ, പഴയ സർവീസ് രേഖകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ, ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ട സാഹചര്യം എന്നിവ ഇപ്പോഴും പലർക്കും നേരിടേണ്ടി വരുന്ന യാഥാർത്ഥ്യങ്ങളാണ്. SPARK പോലുള്ള ഓൺലൈൻ സംവിധാനങ്ങൾ വന്നിട്ടും പാസ്ബുക്ക് അധിഷ്ഠിത സംവിധാനങ്ങളിൽ നിന്നും പൂർണ്ണമായും മോചിതരാകാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ന് ജീവനക്കാർ പ്രതീക്ഷിക്കുന്നത് പൂർണ്ണമായും ഡിജിറ്റൽ സേവനങ്ങളാണ്. പാസ്ബുക്ക് രഹിത സംവിധാനം, SPARK ഡാറ്റ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് വെരിഫിക്കേഷൻ, സമയബന്ധിതമായ ക്ലെയിം തീർപ്പാക്കൽ, മികച്ച ഉപഭോക്തൃ സേവനം, സുതാര്യമായ നടപടിക്രമങ്ങൾ എന്നിവയാണ് പുതിയ തലമുറ സർക്കാർ ജീവനക്കാരുടെ പ്രതീക്ഷകൾ.

അതിനാൽ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്: പ്രതിമാസം ₹1800 അടയ്ക്കുന്ന ഒരു ജീവനക്കാരന് ₹31.34 ലക്ഷം രൂപയുടെ ലൈഫ് കവറേജാണോ കൂടുതൽ പ്രയോജനകരം, അല്ലെങ്കിൽ ₹2.5 കോടി മുതൽ ₹3 കോടി വരെ സാമ്പത്തിക സുരക്ഷ നൽകുന്ന പരിരക്ഷയാണോ കുടുംബത്തിന് കൂടുതൽ ഉപകാരപ്രദമാകുക?

SLI, GIS പദ്ധതികൾ അവസാനിപ്പിക്കണമെന്നല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. എന്നാൽ ഈ പദ്ധതികളിലെ കവറേജ് വർധിപ്പിക്കേണ്ടതുണ്ടോ? സേവനങ്ങൾ കൂടുതൽ പ്രൊഫഷണലാക്കേണ്ടതുണ്ടോ? പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യേണ്ടേ ? ജീവനക്കാർക്ക് ഇത് ആവശ്യമുണ്ട് എങ്കിൽ എടുത്താൽ പോരെ ? എന്ന ചോദ്യങ്ങൾ ഇന്ന് കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

കാരണം ഇൻഷുറൻസ് എന്നത് ഒരു നിക്ഷേപമല്ല. നമ്മളില്ലാത്തപ്പോൾ നമ്മുടെ കുടുംബത്തിന്റെ ജീവിതം മുന്നോട്ട് പോകാൻ ആവശ്യമായ സാമ്പത്തിക സുരക്ഷയാണ് യഥാർത്ഥ ഇൻഷുറൻസ്.

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ.

#Kerala #GovernmentEmployees #SLI #GIS #terminsurance #insurance

No comments:

Post a Comment