കേരള സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ചട്ടങ്ങള്‍
കേരള സർവീസ് ചട്ടങ്ങളിലെ ഒന്നാം ഭാഗം 61 മുതൽ 124 വരെയുള്ള ചട്ടങ്ങളിലാണ് വിവിധ തരത്തിലുള്ള അവധികളെ സംബന്ധിച്ച് പ്രതിപാദിച്ചിരിക്കുന്നത്. കേരള സർവീസ് ചട്ടങ്ങൾ അനുസരിച്ചു അവധികളെ പ്രധാനമായും സാധാരണ അവധി എന്നും, പ്രത്യക അവധി എന്നും രണ്ടായി തരം തിരിക്കാവുന്നതാണ്.
സാധാരണ അവധി (Ordinary Leave)
ഇതില്‍ ആര്‍ജ്ജിത അവധി (Earned Leave), അര്‍ദ്ധ വേതന അവധി (Half Pay Leave), പരിവര്‍ത്തിത അവധി (Commuted Leave), അനാര്‍ജിത അവധി അഥവാ മുന്‍കൂര്‍ അവധി (Leave Not Due), ശൂന്യ വേതന അവധി (Leave Without Allowance) തുടങ്ങിയവ ഉള്‍പ്പെടുന്നു.
പ്രത്യേക അവധി (Special Leave)
പ്രസവ അവധി (Maternity Leave), പിതൃത്വ അവധി (Paternity Leave), അവശതാവധി ( Disability Leave), ആശുപത്രി അവധി (Hospital Leave), ദത്തെടുക്കൽ അവധി (Child Adoption Leave - Rule 102 A)
അനുബന്ധം Vll പ്രകാരമുള്ള ആകസ്തിക അവധി (Casual Leave) ഒരു അംഗീകൃത ആഅവവധിയല്ല. ആകസ്മിക അവധിയിലിരിക്കുന്ന ജീവനക്കാരന്‍ സേവനത്തിലീ രിക്കുന്നതെന്നപോലെ കണക്കാക്കുന്നതാണ്.
പൊതു തത്വങ്ങള്‍
അവധിയുടെ അര്‍ഹത (Eligibility of Leave) : യഥാര്‍ത്ഥത്തില്‍ അവധിയില്‍ പ്രവേശിക്കുന്ന തീയതിയിലെ അര്‍ഹത പരിഗണിച്ച് മാത്രമേ അവധി അനുവദിക്കാവു.
അവധി ഒരവകാശമായി അവകാശപ്പെടാവുന്നതല്ല. സര്‍ക്കാര്‍ സേവനത്തിന്റെ അത്യന്താപേക്ഷികമായ സാഹചര്യങ്ങളില്‍ ഏത് വിധത്തിലുള്ള അവധി അപേക്ഷയും നിരസിക്കുന്നതിനോ, അനുവദിച്ച അവധി റദ്ദ് ചെയ്യുന്നതിനോ അവധി അനുവദിക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കും. (Rule 65). അതുകൊണ്ടുതന്നെ അവധി (Leave) ലഭിച്ചില്ല എന്നതിനെതിരായി നിയമനടപടികൾ ഒന്നും നിലനിൽക്കില്ല. എന്നാൽ വ്യക്തമായ കാരണം കൂടാതെ അവധി അപേക്ഷ മേലധികാരി നിരസിക്കാനും പാടില്ല. അവധി അപേക്ഷ നിരസിക്കുന്നതിനു ചില പ്രത്യേക സാഹചര്യങ്ങൾ നിലവിലുണ്ടാകണം. അത് ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമായിരിക്കുകയും വേണം. വകുപ്പുകളുടെ ഭരണപരമായ സൗകര്യങ്ങൾ കൂടി പരിഗണിച്ചു മാത്രമേ അവധി അനുവദിക്കാൻ സാധിക്കൂ.
അപേക്ഷിച്ചിട്ടുള്ള അവധിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുവാന്‍ അധികാരിക്ക് അവകാശമില്ല. അപേക്ഷിച്ച ഉദ്യോഗസ്ഥന് മാത്രമേ അവധിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുവാന്‍ അവകാശമുള്ളൂ. ഉദാഹരണമായി ഒരു ജീവനക്കാരന്‍ 10 ദിവസത്തെ പരിവര്‍ത്തിതാവധിക്ക് അപേക്ഷിച്ചു എന്നിരിക്കട്ടെ. അവധി നിരസിക്കാനുള്ള അധികാരം ഉണ്ടെങ്കിലും പരിവര്‍ത്തിതാവധി എന്നത് മാറ്റി ആര്‍ജ്ജിതഅവധി അനുവദിക്കുവാന്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥന് അധികാരമില്ല.
അവധി ആരംഭിക്കുന്നതിന് തൊട്ട് മുമ്പായും അവസാനിക്കുന്നതിനെ തുടര്‍ന്നുമുള്ള ഒഴിവ്വ ദിവസങ്ങള്‍ അവധിയോടൊപ്പം മുമ്പായും / പിന്‍പായും (Prefixed / Suffixed) ചേര്‍ക്കാവൃന്നതും ടി ഒഴിവ് ദിവസങ്ങള്‍ ഡ്യൂട്ടിയായി പരിഗണിക്കാവുന്നതുമാണ്. (Rule 68).
റിട്ടയര്‍മെന്റിനു മുന്നോടിയായി ലീവില്‍ പ്രവേശിക്കുന്ന (LPR) ഉദ്യോഗസ്ഥന് ലീവില്‍ പ്രവേശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതിക്ക് രണ്ട് മാസം മുന്‍പ് ലീവിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് ( GO(P) 163/74/FIN Dated - 17-07-1974)
അവധി അപേക്ഷയിൽ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ജീവനക്കാർ അവധിയിൽ പ്രവേശിക്കാൻ പാടുള്ളൂ. (സര്‍ക്കുലര്‍ നമ്പര്‍ 08/06/FIN Dated - 07-02-2006)
പഠന ആവശ്യങ്ങൾ, മതപരമായ കാര്യങ്ങൾ തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ദീർഘകാലത്തേക്ക് അവധി (Eligible leave/Leave without allowance) എടുക്കുന്നവർ കുറഞ്ഞത് രണ്ട് മാസം മുമ്പ് അപേക്ഷ സമർപ്പിക്കണം. (സര്‍ക്കുലര്‍ നമ്പര്‍ 08/06/FIN Dated - 07-02-2006)
അവധിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥന്‍ നിയമന അധികാരിയുടെ മുന്‍കൂര്‍ അനുമതി ഇല്ലത്തെ മറ്റ് ഏതെങ്കിലും സേവനത്തില്‍ ഏര്‍പ്പെടുന്നതിണോ , ജോലി സ്വീകരിക്കുവാനോ പാടില്ലാത്തതാണ് (ചട്ടം 69)
അവധിയിൽ ഉള്ള ഒരു ജീവനക്കാരനെ നിർബന്ധമായും (Compulsory ) സേവനത്തിലേക്കായി തിരിച്ചു വിളിച്ചാൽ വ്യവസ്ഥകൾക്ക് വിധേയമായി അയാൾക്ക് യാത്ര ബത്തക്കുള്ള അവകാശം ഉണ്ടായിരിക്കുന്നതും ജീവനക്കാരൻ അവധിക്കാലത്ത് താമസിക്കുന്ന സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്ക് യാത്ര തിരിക്കുന്ന തീയതി മുതൽ അയാൾ ജോലിയിൽ പ്രവേശിച്ചതായി കണക്കാക്കും . എന്നാൽ യഥാർത്ഥത്തിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതി വരെ അവധിക്കാലത്തേക്ക് അർഹതപ്പെട്ട വേതനം മാത്രമെ ലഭിക്കുകയുളളൂ.
അവധിയിൽ പോയ ജീവനക്കാരനെ തിരിച്ചു വിളിക്കുമ്പോൾ Compulsory ആണോ Optional ആണോ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിരിക്കണം. Optional ആണെങ്കിൽ അവധിയിലുള്ള ജീവനക്കാരന് പ്രത്യേകം ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. (ചട്ടം70 )
അനുബന്ധം Vll പ്രകാരമുള്ള ആകസ്തിക അവധി (Casual Leave) ഒരു അംഗീകൃത അവധിയല്ലു. ആകസ്മിക അവധിയിലിരിക്കുന്ന ജീവനക്കാരന്‍ സേവനത്തിലിരിക്കുന്നുവെന്ന പോലെ കണക്കാക്കുന്നതാണ്.
ബന്ധപ്പെട്ട അധികാരിയുടെ അനുമതിയോട് കൂടിയല്ലാതെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെ മറ്റ് യാതൊരു തൊഴിലിലും അവധിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഏര്‍പ്പെടാന്‍ പാടില്ല. (Rule 69).
അവധി അനുവദിച്ച ഉദ്യോഗസ്ഥന്റെ അനുമതി കൂടാതെ അനുവദിക്കപ്പെട്ട അവധി | പൂര്‍ത്തിയാകുന്നതിന് മുമ്പ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പാടില്ല. (Rule 72(1)).
അനുബന്ധം XIlA, XIlB , XIlC എന്നിവ പ്രകാരമുള്ള ശുന്യവേതനാവധി ഒഴികെയുള്ള എല്ലാ വിധത്തിലുള്ള അവധികളും മറ്റെല്ലാ അവധികളുമായി തുടര്‍ച്ചയായോ ചേര്‍ത്തോ അനുവദിക്കാവുന്നതാണ്.
Appendix X11 A,C ലീവുകള്‍ ചേര്‍ന്നു എടുക്കാവുന്നതാണ് . (ചട്ടം 73)
ഒരു ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ തീയതിയ്ക്കുപ്പുറത്തേയ്ക്ക് യാതൊരു അവധിയും അനുവദിക്കാന്‍ പാടില്ല. (Rule 15).
മുമ്പ് അനുവദിച്ച അവധി മുന്‍കാലപ്രാബല്യത്തോടെ താഴെപ്പറയുന്ന വൃവസ്ഥകള്‍ക്ക് വിധേയമായി മറ്റൊരു അവധിയായി പരിവര്‍ത്തനം ചെയ്യാവുന്നതാണ്. (Rute 76).
പരിവര്‍ത്തനം ചെയ്യന്നത് ഒരു അവകാശമല്ല. (Rule 89).
ഏതൊരു അവധിയും മറ്റൊരു അവധിയായി പരിവര്‍ത്തനം ചെയ്യാവുന്നതാണ്. എന്നാല്‍ ഇപ്രകാരമുള്ള പരിവര്‍ത്തനം അവധിക്ക് ശേഷം ഒരു വര്‍ഷത്തിനകമായിരിക്കണം. (റൂള്‍ 76, 896), ജി.ഒ.(പി)23/2013,/ഫിന്‍ തീയതി 10.01.2013). ഉദാഹരണമായി ഒരാള്‍ 01.04.2017 മുതല്‍ 30.04.2017 വരെ 30 ദിവസത്തെ പരിവര്‍ത്തിത അവധിയെട്ടത്തിരുന്നു എന്നിരിക്കട്ടെ. ടിയാള്‍ക്ക് ടി അവധി ആര്‍ജ്ജിതാവധിയായി പരിവര്‍ത്തനം ചെയ്യാന്‍ അപേക്ഷ നല്‍കാവുന്നതാണ്. ടിയാളുടെ അപേക്ഷ പരിഗണിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേതുണ്ട്. 1. 01.04.2017 ല്‍ ടിയാള്‍ക്ക് ആവശ്യത്തിനുള്ള ആര്‍ജ്ജിതാവധി കണക്കില്‍ ഉണ്ടായിരുന്നിരിക്കണം. 2. പരിവര്‍ത്തനത്തിനുള്ള അപേക്ഷ 30.04.2018 നകം സമര്‍പ്പിച്ചിരിക്കണം.
സാധാരണയായി അനുവദിച്ച ആര്‍ജ്ജിത അവധി മറ്റൊരു അവധിയായി പരിവര്‍ത്തനം ചെയ്യാന്‍ പാടില്ല. (Proviso to Rule 76). എന്നാല്‍ വിദേശത്തുള്ള പങ്കാളിയോടൊപ്പം (Spouse) ചേരുന്നതിനായി 3 മാസത്തിൽ താഴെ കാലയളവിലേക്ക് എടുത്ത ആർജ്ജിത അവധി വേണമെങ്കിൽ പിന്നീട് മറ്റൊരു അവധിയായി മാറ്റാൻ സാധിക്കും.
ആര്‍ജ്ജിത അവധി സറണ്ടറിന് ഒരിക്കല്‍ ഉത്തരവ് നല്‍കി കഴിഞ്ഞാല്‍ അത് പിന്നീട് റദ് ചെയ്യുവാന്‍ പാടില്ല. (സര്‍ക്കാര്‍ കത്ത് നമ്പര്‍ 45462,/82/74/ഫിന്‍ തീയതി 08.10.1974) . നിലവില്‍ നോണ്‍ ഗസറ്റഡ് ജീവനക്കാരുടെ ആര്‍ജിത അവധി അപേക്ഷ സമര്‍പ്പണം മുതല്‍ പാസാക്കുന്നത് വരെ സ്പാര്‍ക്ക് മുഖേനെ ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. എന്നാൽ ഓൺലൈൻ വഴി അവധി സറണ്ടർ പ്രോസസ്സ് ചെയ്യുമ്പോൾ സാങ്കേതിക കാരണങ്ങളാൽ തെറ്റായ രീതിയിൽ സറണ്ടർ അനുവദിക്കപ്പെടുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അനുവദിക്കപ്പെട്ട അവധി സറണ്ടർ ഒരു തവണ റദ്ദാക്കാൻ സർക്കാർ ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്. നിബന്ധനകൾ:സറണ്ടർ ചെയ്ത അവധിയുടെ തുക കൈപ്പറ്റിയിട്ടുണ്ടാകരുത് (Not encashed).അവധി അനുവദിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ മാത്രമേ റദ്ദാക്കാൻ അപേക്ഷിക്കാൻ കഴിയൂ , ഇങ്ങനെ റദ്ദാക്കപ്പെടുന്ന ആർജ്ജിത അവധി ഉദ്യോഗസ്ഥന്റെ അവധി അക്കൗണ്ടിലേക്ക് തിരികെ (Re-credit) നൽകുന്നതാണ്.
വെക്കേഷനുകള്‍ താഴെപ്പറയുന്ന വൃവസ്ഥകള്‍ക്ക് വിധേയമായി ഏതൊരു അവധിയായും ചേര്‍ക്കുകയോ തുടര്‍ച്ചയായി കണക്കാക്കുകയോ ചെയ്യാവുന്നതാണ്.
ആര്‍ജ്ജിത അവധി വെക്കേഷനുമായി ചേര്‍ക്കുകയോ തുടര്‍ച്ചയായി കണക്കാക്കുകയോ ചെയ്യുമ്പോള്‍ അവധിയും വെക്കേഷനുമായി കൂടിച്ചേര്‍ത്ത് ഒറ്റത്തവണ 180 ദിവസത്തില്‍കവിയാന്‍ പാടില്ല. ആര്‍ജ്ജിത അവധിയും പരിവര്‍ത്തിതാവധിയും ചേര്‍ത്താണെങ്കില്‍ 240 ദിവസത്തില്‍ കവിയാന്‍ പാടില്ല. (Rule 74 GD 1).
രണ്ട് അവധികള്‍ക്കിടയില്‍ വെക്കേഷന്‍ അനുവദനീയമാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ പരിധി ബാധകമായിരിക്കും.
സസ്പെന്‍ഷനിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ യാതൊരുവിധ അവധിയും അനുവദിക്കുവാന്‍ | പാടില്ല. (Rule 59).
ഖണ്ഡഃശയായി അവധി ( Leave in piece-meal) എടുക്കുന്ന പ്രവണത നിരുത്സാഹ പ്പെടുത്തേണ്ടതാണ്. (മെമ്മോറാണ്ഡം നമ്പര്‍ 98079/SD3/65/PD തീയതി 06.01.1966)
ലീവിന് മുമ്പും പിമ്പും ഉള്ള ഒഴിവു ദിവസങ്ങള്‍ ലീവില്‍ നിന്നും ഒഴിവാക്കാവുന്നതാണ്. (Prefix , Suffix)
അനുബന്ധം XIlA, XIlB , XIlC പ്രകാരമുള്ള ശമ്പള രഹിത അവധിക്ക് മുമ്പും പിമ്പും ഉള്ള അവധി Prefix , Suffix ചെയ്യാന്‍ കഴിയില്ല
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ അവധിയെടുക്കുമ്പോൾ, ഡോക്ടർ സർട്ടിഫൈ ചെയ്യുന്ന ദിവസത്തിന് മുമ്പുളള ദിവസങ്ങൾ പൊതു അവധി ദിവസങ്ങൾ ആണെങ്കിൽ ആ ദിവസങ്ങൾ Prefix ചെയ്യാൻ അനുവദിക്കും. ഈ ദിവസങ്ങൾ അവധിയുടെ ഭാഗമല്ല. എന്നാൽ ഡോക്ടർ സർട്ടിഫൈ ചെയ്യുന്ന തീയതിയോ അതിനെ തുടർന്നുളള ദിവസങ്ങളോ പൊതു അവധിയാണെങ്കിൽ, ആ ദിവസങ്ങൾ അവധിയായി കണക്കാക്കും ( ചട്ടം - 68 ).
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ബലത്തിലുള്ള അവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കുമ്പോൾ ഹാജരാക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ എന്നു മുതൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ യോഗ്യനാണെന്ന് സാക്ഷ്യപ്പെടുത്തുന്നുവോ, ആ ദിവസം ഉൾപ്പെടെ തുടർന്നു വരുന്ന പൊതു അവധി ദിവസങ്ങൾ Suffix ചെയ്യാൻ അനുവദിക്കും. ദിവസങ്ങൾ അവധിയുടെ ഭാഗമല്ല. എന്നാൽ ജോലിയിൽ പ്രവേശിക്കാൻ യോഗ്യനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തീയതിക്ക് മുമ്പുളള പൊതു അവധി ദിവസങ്ങൾ അവധിയായി കണക്കാക്കും
മെഡിക്കൽ സർട്ടിഫിക്കറ്റിനുമേൽ അവധിയിൽ പ്രവേശിച്ച ഒരു ജീവനക്കാരൻ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പു മെഡിക്കൽ ഫിറ്റ്നസ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജർ ആക്കേണ്ടതാണ്.ഗസറ്റഡ് ജീവനക്കാരെ സംബന്ധിച്ചടത്തോളം ഈ സർട്ടിഫിക്കറ്റ് അസിസ്റ്റന്റ് സർജന്റെ പദവിക്ക് താഴെ അല്ലാത്ത ഒരു മെഡിക്കൽ ഓഫീസർ നിന്നും ആയിരിക്കേണ്ടതാണ്.(ചട്ടം71 ഉം നോട്ടും )
എന്നാൽ നോൺ ഗസറ്റഡ് ഓഫീസറുടെ കാര്യത്തിൽ ഏതെങ്കിലും രെജിസ്റ്റഡ് പ്രാക്റ്റീഷനറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്.
അവധി അനുവദിച്ച ഉദ്യോഗസ്ഥന്റെ അനുമതി കൂടാതെ അവധിക്കാലം തീരുന്നതിനു മുമ്പ് ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയില്ല (ചട്ടം 72)
സസ്പെന്‍ഷനിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ യാതൊരുവിധ അവധിയും അനുവദിക്കുവാന്‍ | പാടില്ല. (Rule 59).
Appendix Xll B പ്രകാരമുള്ള പഠന അവധിയും , 180 ദിവസത്തില്‍ കൂടുതല്‍ വരുന്ന ശമ്പള രഹിത അവധിയും ഒഴികെ ബാക്കി എല്ലാ അവധികളും അധികാരപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കാവുന്നതാണ്. (GO(P) 112/2017/FIN Dated : 24-08-2017)
നിയമന അധികാരിക്ക് 120 ദിവസം വരെ ഉള്ള LWA യും വകുപ്പ് മേധാവിക്ക് 180 ദിവസം വരെ ഉള്ള LWA യും അനുവദിക്കാം. (GO(P) 112/2017/FIN Dated : 24-08-2017)
GO(P) 233/08/FIN Dated : 03-06-2008 ഉത്തരവ് പ്രകാരം ആർജിത അവധി (Earned Leave), അർദ്ധവേതന അവധി (Half Pay Leave), പരിവർത്തിത അവധി (Commuted Leave), ശമ്പളരഹിത അവധി (Leave Without Allowances) എന്നിവ ഉപയോഗിച്ച് പരമാവധി ഒരു മാസം മാത്രമേ Personal / Private ആവശ്യങ്ങൾക്ക് വിദേശത്ത് പോകുവാൻ അനുവാദം ഉണ്ടായിരുന്നുള്ളു . GO(P) 418/08/FIN Dated : 16-09-2008 പ്രകാരം ഉത്തരവ് പ്രകാരം ഈ കാലാവധി 4 മാസം വരെയായി ഉയർത്തിയിട്ടുണ്ട്.ആകസ്മിക അവധി (Casual Leave): ആകസ്മിക അവധി ഉപയോഗിച്ച് വിദേശത്ത് തങ്ങാവുന്ന പരമാവധി കാലാവധി 15 ദിവസമാണ്.
GO(P) 04/2011/FIN Dated : 03-01-2011 ഉത്തരവ് പ്രകാരം മുൻപ് അനുവദിച്ചിരുന്ന ഹ്രസ്വകാല അവധികൾക്ക് പകരം കൂടുതൽ കാലയളവിലേക്ക് അവധി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ പരിഗണിച്ചാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് വിദേശത്തുള്ള മക്കളെ സന്ദർശിക്കാൻ പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ആർജ്ജിതാവധി (Earned Leave), അർദ്ധവേതനാവധി (Half Pay Leave), പരിവർത്തിതാവധി (Commuted Leave), ശൂന്യവേതനാവധി (Leave Without Allowance) എന്നിവ പരമാവധി ആറ് മാസം വരെ എടുക്കാൻ സർക്കാർ അനുമതി നൽകുന്നു. എന്നാൽ 4 മാസത്തിൽ കൂടുതലുള്ള ശൂന്യവേതനാവധി (Leave Without Allowance) അനുവദിക്കാനുള്ള അധികാരം സർക്കാരിന് മാത്രമായിരിക്കുമെന്നും ഇതിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്, ഈ ഉത്തരവിനെ ഓവര്‍ റൂള്‍ ചെയ്തു കൊണ്ട് (GO(P) 112/2017/FIN Dated : 24-08-2017) ഉത്തരവ് ഇറക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ GO(P) 04/2011/FIN Dated : 03-01-2011 എന്ന ഉത്തരവില്‍ rule 88 പ്രകാരം അനുവദിക്കാവുന്ന LWA ദിവസങ്ങളില്‍ സ്പഷ്ടീകരണം Circular No 32/2024/FIN Dated : 05-06-2024 പ്രകാരം നല്‍കിയിട്ടുള്ളതാണ്. ടി സ്പഷ്ടീകരണ പ്രകാരം വിദേശത്തുള്ള മക്കളെ സന്ദർശിക്കുന്നതിനായി മൂന്ന് വർഷത്തെ തുടർച്ചയായ സേവനമുള്ള ഉദ്യോഗസ്ഥർക്ക് പരമാവധി ആറ് മാസം (180 ദിവസം) വരെ ശൂന്യവേതനാവധി എടുക്കാവുന്നതാണ്. ഇതിൽ 120 ദിവസം വരെയുള്ള അവധി അനുവദിക്കാൻ ജീവനക്കാരുടെ നിയമനാധികാരിക്കും, 180 ദിവസം വരെയുള്ള അവധി അനുവദിക്കാൻ വകുപ്പ് അദ്ധ്യക്ഷനും (Head of the Department) അധികാരം ഉണ്ടായിരിക്കുന്നതാണ്.
GO(P) 119/2022/FIN Dated : 30-09-2022 പ്രകാരം സ്പാര്‍ക്ക് ഉള്ള ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ സ്പാര്‍ക്ക് മുഖേനെ ഓണ്‍ലൈന്‍ ആയി ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
ചുവടെ ചേര്‍ക്കുന്ന ലീവുകള്‍ ഓണ്‍ലൈന്‍ ആയി അയക്കാവുന്നതാണ് .(Casual Leave, Child Adoption Leave, Child Care Leave (AIS Officers), Commuted Leave, Disability Leave, Earned Leave, Extra Ordinary Leave without MC(AIS), Extra Ordinay Leave with MC(AIS), Half Pay Leave, Hospital Leave, Hospital Leave Under rule 104, Hysterectomy Leave, Leave Not Due With MC, Leave Not Due Without MC, Leave on Full Allowance with MC(HC Judges), Leave on Full Allowance without MC(HC Judges), Leave on Half Allowance(High Court Judges), Leave Without Allowance Without MC(Rule 102), Maternity Leave, Miscarriage Leave, Non-Duty with forfeiture of past service, Non-Duty without forfeiture of past service, Paternity Leave, Restricted Holiday, Special Casual Leave, SPL.DISABILITY LEAVE MORE THAN 4 MONTH, SPL.DISABILITY LEAVE UPTO 4 MONTH, Study Leave(AIS)
Casual Leave ഒഴികെയുള്ള മറ്റ് ഏത് ലീവും എടുത്താല്‍ ലീവ് കഴിഞ്ഞു ജോയിന്‍ ചെയ്യുന്ന മുറക്ക് സ്പര്‍ക്കിലൂടെ ജോയിനിംഗ് റിപ്പോര്‍ട്ട് അയക്കേണ്ടതാണ്. അയക്കാത്ത പക്ഷം തുടര്‍ന്ന് ലീവ് അപേക്ഷിക്കുവാന്‍ കഴിയുകയില്ല.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ അവധി അപേക്ഷകളും അനുബന്ധ രേഖകളും (Leave Sanctions, CTC/RTC) അക്കൗണ്ടന്റ് ജനറലിന് സമർപ്പിക്കുന്നതിനുള്ള നിലവിലെ രീതി GO(P) 90/2025/FIN Dated : 11-07-2025 ഉത്തരവ് പ്രകാരം പരിഷ്കരിച്ചിട്ടുണ്ട് . ഇതനുസരിച്ച്, 2025 ജൂലൈ 15 മുതൽ സ്പാർക്ക് (SPARK) സോഫ്റ്റ്‌വെയർ വഴി ഓൺലൈനായി മാത്രമേ ഇത്തരം രേഖകൾ സമർപ്പിക്കാവൂ എന്നും ഹാർഡ് കോപ്പികൾ അയക്കേണ്ടതില്ലെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് . ഐ.എ.എസ് (AIS), യു.ജി.സി (UGC), എ.ഐ.സി.ടി.ഇ (AICTE), ജുഡീഷ്യൽ തുടങ്ങി എല്ലാ മേഖലകളിലെയും ഗസറ്റഡ് ഉദ്യോഗസ്ഥർക്കും സ്പാർക്ക് സംവിധാനം നിലവിലുള്ള ഓഫീസുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
Online Leave , Joining application & Gazetted Employees Leave Joining CTC Generation in Spark —- Video Link
ആർജ്ജിതാവധി (Earned leave)
ഡ്യൂട്ടി നോക്കിയിരുന്ന കാലയളവിന്റെ അടിസ്ഥാനത്തിൽ ഒരു ജീവനക്കാരന്‍ സമ്പാദിക്കുന്ന അവധിയെയാണ് Earned Leave അഥവാ ആർജ്ജിതാവധി എന്നുപറയുന്നത്. കെ.എസ്.ആർ. ഭാഗം I ലെ ചട്ടം 78 മുതല്‍ 81 എ വരെയുള്ള ഭാഗത്താണ് ആർജ്ജിതാവധിയുടെ വ്യവസ്ഥകൾ പ്രധാനമായും വിശദീകരിച്ചിരിക്കുന്നത്. സർവ്വീസിൽ പ്രവേശിക്കുന്ന ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് (1/22) എന്ന നിരക്കിലും രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് (1/11) എന്ന നിരക്കിലുമാണ് ആർജ്ജിതാവധിക്ക് അർഹതയുള്ളത്. മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ, ആദ്യവർഷത്തെ 1/22 എന്ന നിരക്കിലുള്ള ആർജിത അവധി 1/11 എന്ന നിരക്കിൽ റീകാസ്റ്റ് ചെയ്ത് നൽകും. അങ്ങനെ ആദ്യ വർഷത്തെ ശേഷിക്കുന്ന അവധികൾ മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.
ജോലി നോക്കിയിരുന്ന കാലയളവ് അനുസരിച്ചാണ് ആർജ്ജിതാവധി അവധി അനുവദിക്കുന്നത്.ജോലി നോക്കിയ കാലയളവ് അഥവാ ഡ്യൂട്ടി എന്നതിൽ ആകസ്മിക അവധി, അംഗീകൃത ഒഴിവു ദിവസങ്ങള്‍, പ്രവേശന കാലം എന്നിവ ഉൾപ്പെടും.എന്നാല്‍ ആകസ്മിക അവധി ഒഴികെയുള്ള എല്ലാ അവധികളും അതായത് പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരമോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave, Commuted Leave, Earned leave പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ, Special Casual Leave തുടങ്ങിയവ ആർജ്ജിതാവധി (Earned leave) കണക്കാക്കുന്നതിന് പരിഗണിക്കില്ല.
ആർജ്ജിതാവധി (Earned leave) കണക്കാക്കുന്നതിന് ആദ്യം ആർജ്ജിതാവധി (Earned leave) കണക്കാക്കേണ്ട കാലയളവിലെ ദിവസങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുക.അതില്‍ നിന്ന് നേരത്തെ ഒഴിവാക്കപ്പെടുമെന്ന് സൂചിപ്പിച്ച ഹാജരില്ലായ്മകളുടെ ദിവസം കുറയ്ക്കുക. ബാക്കി കിട്ടുന്ന ഡ്യൂട്ടി ദിവസങ്ങളെ സ്ഥിരം ജീവനക്കാരുടെ കാര്യത്തിൽ 11 കൊണ്ടും സ്ഥിരമല്ലാത്ത ജീവനക്കാരുടെ കാര്യത്തില്‍ ആദ്യവർഷം 22 കൊണ്ടും ഹരിക്കുക. ഇപ്രകാരം കിട്ടുന്ന ഹരണഫലത്തെയാണ് ആർജ്ജിതാവധി എന്നുപറയുന്നത്.
ആർജ്ജിതാവധി അക്കൌണ്ട് മിശ്രഭിന്ന രൂപത്തിലാണ് സേവന പുസ്തകത്തിലെ അവധി കണക്കുകളില്‍ എഴുതുന്നത്. ഉദാഹരണമായി 365 ദിവസത്തെ ഡ്യൂട്ടിയുള്ള ഒരു സ്ഥിരം ജീവനക്കാരന്റെ ആർജ്ജിതാ അവധി കണക്കാന്‍ 365 ദിവസത്തെ 11 കൊണ്ട് ഭാഗിക്കും.അങ്ങനെ ഭാഗിക്കുമ്പോള്‍ ഹരണഫലം 33 ഉം ബാക്കി 2 ഉം കിട്ടും. അവധി കണക്കാക്കി മിശ്രഭിന്ന രൂപത്തിൽ എഴുതുമ്പോള്‍ 33 ഉം 2/11 ലഭിക്കും.
365 ദിവസത്തെ ഡ്യൂട്ടിയുള്ള സ്ഥിരം അല്ലാത്ത ജീവനക്കാരുടെ ആർജ്ജിതാവധി എന്ന് പറയുന്നത് 16 ഉം 13/22 ആയിരിക്കും. ഒരാളുടെ ആര്‍ജ്ജിത അവധി കണക്കിൽ പരമാവധി എഴുതാവുന്ന ആര്‍ജ്ജിത അവധികളുടെ എണ്ണം 300 ആണ്. 300 ൽ കൂടുതൽ അവധി ഒരു സമയം ഒരു വ്യക്തിക്ക് സമ്പാദിക്കാൻ കഴിയില്ല.
പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ഒരു വര്‍ഷം 15 എന്ന പരിധിക്ക് വിധേയമായി 22 ദിവസത്തെക്ക് 1 എന്ന (1/22) നിരക്കിലാണ് ആര്‍ജ്ജിത അവധി കണക്കാക്കുന്നത്. പാര്‍ട്ട്ടൈം ജീവനക്കാരുടെ ആര്‍ജ്ജിത അവധി അവരുടെ സേവനം ഓരോ വര്‍ഷവും പൂര്‍ത്തിയാകുമ്പോഴാണ് അവധി കണക്കുകളിൽ എഴുതുന്നത്. അക്കൌണ്ടില്‍ അവര്‍ക്ക് അവധി ഉണ്ടെങ്കിൽ തുടര്‍ച്ചയായി 120 ദിവസം ആര്‍ജ്ജിത അവധി എടുക്കാം. പാര്‍ട്ട്ടൈം ജീവനകാര്‍ക്ക് റിട്ടയര്‍മെന്‍റിന് മുന്നോടിയായി 120 ആര്‍ജ്ജിത അവധികൾ എടുക്കാം. പാര്‍ട്ട്ടൈം ജീവനകാര്‍ക്ക് റഗൂലർ സര്‍വ്വീസിൽ ജോലി ലഭിച്ചാൽ പഴയ പാര്‍ട്ട്ടൈം സര്‍വ്വീസിൽ ബാക്കി ഉണ്ടായിരുന്ന ആര്‍ജ്ജിത അവധികൾ പുതിയ സര്‍വ്വീസിലേക്ക് അതുപോലെ ക്യാരി ഓവർ ചെയ്യാം.
ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല. ഒരു സമയം തുടർച്ചയായി അനുവദിക്കാവുന്ന പരാമാവധി ആർജ്ജിതാവധികൾ (Earned leave) 180 ദിവസം ആണ്. എന്നാൽ വിരമിക്കുന്നതിന് മുന്നോടിയായി 300 അവധി വരെ എടുക്കാം.
സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളെ അനുവദിക്കാൻ പാടുള്ളൂ. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലോ അല്ലാതെയോ ആർജ്ജിതാവധി എടുക്കാം. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ആർജ്ജിതാവധി എടുത്താൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
.ഗസറ്റഡ് ജീവനക്കാർക്ക് അസിസ്റ്റന്‍റ് സർജന്‍ ഉം നോൺ ഗസറ്റഡ് ജീവനക്കാർക്ക് registered medical practitioner ഉം അനുവദിക്കുന്ന സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ഗസറ്റഡ് ജീവനക്കാരന് ആണെങ്കിൽ സ്പാര്‍ക്ക് മുഖേനെ ലീവ് അപേക്ഷിക്കേണ്ടതും അവധി പാസാക്കുന്ന ഉദ്യോഗസ്ഥന്‍ ആയത് പാസാക്കിയതിന് ശേഷം ലീവ് CTC AG യിലേക്ക് സ്പാര്‍ക്ക് മുഖേനെ അയക്കേണ്ടതാണ്. ഉദ്യോഗസ്ഥന്‍ ലീവ് കഴിഞ്ഞു ജോയിന്‍ ചെയ്യുമ്പോള്‍ ജോയിനിംഗ് റിപ്പോര്‍ട്ട് സ്പാര്‍ക്ക് മുഖേനെ സാങ്ങ്ഷനിംഗ് അതോറിറ്റിക്ക് അയക്കേണ്ടതും ആയത് അപ്രുവ് ആയതിനു ശേഷം ഡി ഡി ഒ ജോയിനിംഗ് CTC AG ക്ക് സ്പാര്‍ക്ക് മുഖേനെ അയക്കേണ്ടാതുമാണ്. നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കേസില്‍ ലീവ് അപേക്ഷ , ജോയിനിംഗ് റിപ്പോര്‍ട്ട് മാത്രം ജീവനക്കാരന്‍ സ്പര്‍ക്കില്‍ ഓണ്‍ലൈന്‍ ആയി അയച്ച് സാങ്ങ്ഷനിംഗ് അതോറിറ്റി അപ്രുവ് ചെയ്താല്‍ മതിയാകും.
Online Leave , Joining application & Gazetted Employees Leave Joining CTC Generation in Spark —- Video Link
വിരമിക്കുന്നതിനു മുന്നോടിയായി (Leave Preparatory to Retirement-LPR) പരാമാവധി 300 ലീവ് വരെ ആര്‍ജിത അവധി അനുവദിക്കാവുന്നതാണ്
ഒരു സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. Leave അക്കൗണ്ടിൽ ആവശ്യത്തിന് earned leave ഉണ്ടെങ്കിൽ മാർച്ച് മാസത്തിൽ leave സറണ്ടർ എടുത്തയാൾക്കു ഏപ്രിൽ മാസത്തിൽ വീണ്ടും സറണ്ടർ എടുക്കാം. (ഡ്യൂട്ടി ചെയ്യുമ്പോൾ കിട്ടുന്ന സ്പെഷ്യൽ അലവൻസുകൾ ടി ആനുകുല്യത്തോടൊപ്പം കിട്ടില്ല അതു കൊണ്ട് ടി ആനുകുല്യത്തെ ലീവ് സാലറി എന്ന് പറയന്നു). റിട്ടയർ ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ earned leave ബാക്കിയുണ്ടെങ്കിൽ 300 ഏൺഡ് ലീവുകൾ ഒന്നിച്ച് സറണ്ടർ ചെയ്യാം. Terminal Surrender എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പള നിരക്കിൽ 300 ദിവസത്തെ ശമ്പളം ലഭിക്കും. (PTS ന് Terminal Surrender ചെയ്യാവുന്നത് പരമാവധി 120 ദിവസമാണ്). ടെര്‍മിനല്‍ സറണ്ടറിനും വീട്ട് വാടക ബത്ത, നഗര ബത്ത എന്നിവ അനുവദിക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് ഉപയോഗിക്കുന്നവര്‍ക്ക് വീട്ട് വാടക ബത്ത അനുവദനീയമല്ല. (സര്‍ക്കുലര്‍ നമ്പര്‍!2/2004/ഫിന്‍ തീയതി 12.02.2004).
സാധാരണ ആര്‍ജ്ജിത അവധി സറണ്ടറിനും ടെര്‍മിനല്‍ സറണ്ടറിനുമുള്ള പ്രധാന വൃത്യാസം സാധാരണ സറണ്ടറിന്റെ അവധി ശമ്പളം ശമ്പളത്തിന്റെ കണക്ക് ശീര്‍ഷകത്തില്‍ നിന്നും നല്‍കുമ്പോള്‍ ടെര്‍മിനല്‍ സറണ്ടര്‍ പെന്‍ഷന്‍ ആനുകൂലുമായിട്ടാണ് (Pensionary benefit) നല്‍കുന്നത്. അതുകൊണ്ട് തന്നെ ടെര്‍മിനല്‍ സറണ്ടര്‍ അവധി ശമ്പളം ആദായ നികുതി പരിധിയില്‍ വരുന്നില്ല.
സസ്പെന്ഷനിലിരിക്കുന്ന ഒരു ജീവനക്കാരന്‍ സേവനത്തില്‍ നിന്നും വിരമിച്ചാലോ അല്ലേങ്കില്‍ സസ്പെന്‍ഷന്‍ കാലയളവ് ക്രമപ്പെടുത്തുന്നതിന് മുമ്പ് വിരമിച്ചാലോ അച്ചടക്ക നടപടി അവസാനിപ്പിക്കുന്നതിന് മുമ്പ് ടെര്‍മിനല്‍ സറണ്ടര്‍ അനുവദിക്കാന്‍ പാടില്ല. എന്നാല്‍ സസ്പെന്‍ഷനിലിരിക്കുന്ന ജീവനക്കാരന്‍ സേവനത്തിലിരിക്കുമ്പോഴോ വിരമിച്ച ശേഷമോ മരിച്ചാല്‍ ടെര്‍മിനല്‍ സറണ്ടര്‍ അനുവദിച്ച് നല്‍കാവുന്നതാണ്. വിരമിച്ച ജീവനക്കാരനില്‍ നിന്നും ക്രമപ്രകാരമുള്ള അപേക്ഷ സ്വീകരിക്കാതെ തന്നെ ആര്‍ജ്ജിത അവധി ടെര്‍മിനല്‍ സറണ്ടര്‍ അനുവദിക്കുന്നതിന് തടസ്സമില്ല.
രാജിവയ്ക്കുകയോ പുറത്താക്കുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ടെര്‍മിനല്‍ സറണ്ടര്‍ ആനുകൂല്യം ലഭിക്കുന്നതല്ല. (സര്‍ക്കുലര്‍ നമ്പര്‍! 32/92/adind തീയതി 19.06.1992).
സേവനത്തില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കും സേവനത്തിലിരിക്കേ മരിച്ചവര്‍ക്കും ടെര്‍മിനല്‍ സറണ്ടര്‍ അനുവദിക്കുന്നതിന് ജീവനക്കാരില്‍ നിന്നോ അവകാശികളില്‍ നിന്നോ അപേക്ഷ സ്വീകരിക്കേണ്ട ആവശ്യമില്ല. അപേക്ഷ കൂടാതെ തന്നെ അവരുടെ ടെര്‍മിനല്‍ സറണ്ടര്‍ കാലതാമസം കൂടാതെ മാറി നല്‍കേണ്ടതാണ്. (സര്‍ക്കുലര്‍ നമ്പര്‍ 31/94/ഫിന്‍ തീയതി 02.06.1994).
ഒരു സർക്കാർ ജീവനക്കാരൻ സംസ്ഥാന സർക്കാർ സർവ്വീസിൽ നിന്ന് വിടുതൽ നേടി, സർക്കാരിന് കീഴിലുള്ള കമ്പനി, കോർപ്പറേഷൻ, സർവ്വകലാശാല അല്ലെങ്കിൽ മറ്റ് സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോഴോ അല്ലെങ്കിൽ അവിടെനിന്ന് സർക്കാർ സർവ്വീസിലേക്ക് വരുമ്പോഴോ അവരുടെ അക്കൗണ്ടിലുള്ള ആർജ്ജിതാവധി സറണ്ടർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ പരമാവധി 150 ദിവസത്തെ ആർജ്ജിതാവധി മാത്രമേ ടെർമിനൽ സറണ്ടർ ആയി അനുവദിക്കുകയുള്ളൂ. അക്കൗണ്ടിൽ 150 ദിവസത്തിൽ കൂടുതലുള്ള ആർജ്ജിതാവധി ഇത്തരത്തിൽ സറണ്ടർ ചെയ്യാൻ സാധിക്കില്ല. Circular No 41/2021/FIN Dated : 03-05-2021
പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും. അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്.
ഒരു സമയം leave അക്കൗണ്ടിൽ പരാമാവധി ആർജ്ജിക്കാവുന്ന earned ലീവുകളുടെ എണ്ണം 300 ആണ്. അതായത് 300 ലീവുകൾ ആയിട്ടും അത് സറണ്ടർ ചെയ്യുകയോ leave എടുക്കുകയോ ചെയ്യാതിരുന്നാൽ പിന്നീട് ജോലി ചെയ്യുന്ന കാലത്തിനു Earned Leave ആർജ്ജിക്കാൻ കഴിയില്ല.
അതായത് ഒരാളുടെ ആര്‍ജ്ജിത അവധി കണക്കില്‍ 300 ആര്‍ജ്ജിത അവധി ശേഖരിക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നീടുള്ള കാലയളവിലേക്ക് ടിയാള്‍ ആര്‍ജ്ജിത അവധി ആര്‍ജ്ജിക്കുന്നില്ല. ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരാളുടെ 31.03.204 തീയതിയിലെ ആര്‍ജ്ജിത അവധി നീക്കിയിരുപ്പ് 270 ആണെന്ന് കരുതുക. 01.04.2014 മുതല്‍ 31.03.2015 വരെ 365 ദിവസത്തിന് ടിയാള്‍ 33(2/1) അവധി ആര്‍ജ്ജിക്കുന്നു. ആകെ 270 + 33(2/N) = 303(2/1). ഇത് 300 ആയി ക്രമപ്പെടുത്തണം. 01.04.2015 ല്‍ ടിയാള്‍ 30 ദിവസത്തെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്താല്‍ ശേഷിക്കുന്നത് 300-30=270 ആയിരിക്കും. (303(2/M) ല്‍ നിന്നല്ല കുറവ് ചെയ്യേണ്ടത് 300 ല്‍ നിന്നാണ് ). ഇനി 01.04.2015 ല്‍ ടിയാള്‍ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്തില്ല എന്ന് കരുതുക. എങ്കില്‍ ടിയാള്‍ക്ക് 01.04.2015 മുതലുള്ള കാലയളവില്‍ ആര്‍ജ്ജിത അവധി ആര്‍ജ്ജിക്കുന്നതല്ല. ടിയാള്‍ 01.04.2016 ലാണ് 30 ദിവസം ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്യുന്നതെങ്കില്‍ 01.04.2016 ല്‍ ശേഷിക്കുന്നത് 300-30=270 ആയിരിക്കും. | അതായത് പരമാവധി ശേഖരിക്കപ്പെട്ട് കഴിഞ്ഞതിനാല്‍ 01.04.2015 മുതല്‍ 31.03.2016 വരെ കാലയളവില്‍ ടിയാള്‍ ആര്‍ജ്ജിത അവധി ആര്‍ജ്ജിക്കുന്നില്ല.
എംപ്ലോയ്മെന്‍റ് ജീവനകാര്‍ക്കും അനുവദിക്കപ്പെട്ട റഗുലർ തസ്തികയിൽ ഹോണറേറിയം വ്യവസ്‌ഥയിൽ ജോലി നോക്കുന്നവർക്കും കരാറുകാര്‍ക്കും 11 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ഒന്ന് എന്ന നിരക്കിൽ ഒരു വര്‍ഷം 15 ആര്‍ജ്ജിത അവധികൾക്ക് അര്‍ഹതയുണ്ട്. ഒരു വർഷത്തിന് മുകളിൽ അഞ്ചു വർഷം വരെ കരാർ കാലയളവുള്ള കരാറുകാര്‍ക്കും 11 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ഒന്ന് എന്ന നിരക്കിൽ ഒരു വര്‍ഷം 15 ആര്‍ജ്ജിത അവധികൾക്ക് അര്‍ഹതയുണ്ട്. ഇവർക്ക് രണ്ടു മാസത്തെ ആർജ്ജിത അവധി സ്വരൂപിക്കാം. കരാർ വ്യവസ്‌ഥയിൽ തുടരുന്ന പോസ്റ്റിലോ, മറ്റേതെങ്കിലും പോസ്റ്റിലോ ഇടവേളയില്ലാതെ പുതിയ കരാർ ജോലിയിൽ ഏർപ്പെടുന്നവർക്ക് അവരുടെ പഴയ കരാർ കാലയളവിൽ ബാക്കി ഉണ്ടായിരുന്ന ആർജിത അവധി കാരി ഓവർ ചെയ്യാം.പക്ഷെ ഒരു വർഷത്തെ കരാറുകാർക്ക് വർഷത്തിൽ 15 ൽ കൂടുതൽ ആർജിത അവധിക്ക് അർഹതയില്ലാത്തതിനാൽ ഇങ്ങനെ കാരി ഓവർ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം ഒരു വർഷത്തെ കരാറുകാർക്ക് ലഭിക്കുകയില്ല
Earned Leave Calculation
ആര്‍ജ്ജിത അവധി ഭിന്ന സംഖ്യയായി വന്നാല്‍ പൂര്‍ണ്ണ സംഖ്യയിലേക്ക് ക്രമപ്പെടുത്താവുന്നത് രണ്ട് സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. (അതായത് പകുതിയോ അതില്‍ കൂടുതലോ വന്നാല്‍ അടുത്ത പ്ലര്‍ണ്ണ സംഖ്യയായി ഉയര്‍ത്തുകയും പകുതിയില്‍ : താഴെയാണെങ്കില്‍ ഒഴിവാക്കുകയും ചെയ്യുക)
ആര്‍ജ്ജിത അവധി കണക്കാക്കുന്നതിന്റെ നിരക്ക് മാറുമ്പോള്‍. അതായത് 1/22 എന്ന | നിരക്കില്‍ നിന്നും 1/11 എന്ന നിരക്കിലേക്ക് മാറൂമ്പോള്‍ 1/22 പ്രകാരം കണക്കാക്കിയത് മേല്‍ പ്രകാരം ക്രമപ്പെടുത്താം. ഉദാഹരണമായി ആദ്യ വര്‍ഷത്തെ ആര്‍ജ്ജിത അവധി 1/22 നിരക്കില്‍ 16 (11/22) എന്ന് വന്നാല്‍ അത് 17 ആയി ക്രമപ്പെടുത്തണം. എന്നാല്‍ 16 (10/22) | ആണെങ്കില്‍ 16 ആയിട്ടാണ് ക്രമപ്പെടുത്തേണ്ടത്.
വെക്കേഷന്‍ വകുപ്പുകളില്‍ വെക്കേഷന്‍ ഭാഗീകമായി മാത്രം ഉപയോഗിച്ചതിനാല്‍ ആര്‍ജ്ജിക്കുന്ന ആര്‍ജ്ജിത അവധിയും മേല്‍പ്രകാരം ക്രമപ്പെടുത്താം മേല്‍ വിവരിച്ച രണ്ട് സന്ദര്‍ഭങ്ങളിലൊഴികെ യാതൊരു സാഹചര്യത്തിലും (ടെര്‍മിനല്‍ സറണ്ടര്‍ കണക്കാക്കുമ്പോള്‍ പോലും) ക്രമപ്പെടുത്തല്‍ അനുവദനീയമല്ല.
വെക്കേഷൻ ഡിപ്പാർട്ട്മെന്റ് ജീവനക്കാർക്ക് (Vacation Department - Rules 80 & 81):
അവധിക്കാലം (Vacation) ഉള്ള വകുപ്പുകളിൽ (ഉദാഹരണത്തിന്: വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർ) ജോലി ചെയ്യുന്നവർക്ക് പൂർണ്ണമായും വെക്കേഷൻ എടുക്കുന്ന വർഷങ്ങളിൽ ആർജ്ജിതാവധിക്ക് അർഹതയുണ്ടായിരിക്കില്ല.
എന്നാൽ വെക്കേഷൻ കാലയളവിൽ ഡ്യൂട്ടി ചെയ്യേണ്ടി വന്നാൽ (ഉദാഹരണത്തിന്: ക്യാമ്പുകൾ, മൂല്യനിർണ്ണയം), ആ നഷ്ടപ്പെട്ട വെക്കേഷൻ ദിവസങ്ങൾക്ക് ആനുപാതികമായി പരമാവധി 30 ദിവസം വരെ ആർജ്ജിതാവധി ലഭിക്കും. ഇതിന്റെ കണക്കുകൂട്ടൽ രീതി ഇപ്രകാരമാണ്: (എടുക്കാത്ത വെക്കേഷൻ ദിവസങ്ങൾ / ആകെ വെക്കേഷൻ ദിവസങ്ങൾ) x 30
Earned Leave Allowances
ആർജിത അവധി ഉപയോഗിച്ച് ലീവ് എടുക്കുന്ന കാലയളവിൽ മൊത്തം ശമ്പളം തന്നെ ആണ് ലഭിക്കുന്നത്.
എന്നാൽ ആർജിത അവധി ഉപയോഗിച്ച് ലീവ് എടുത്ത സമയത്താണ് പ്രൊമോഷൻ കിട്ടുന്നതെങ്കിൽ, പുതിയ തസ്തികയിൽ ചാർജ് എടുക്കുന്ന തീയതി മുതൽ മാത്രമേ പ്രമോഷന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുകയുള്ളു.
Earned Leave Surrender
സമ്പാദിച്ച ആർജിത അവധിയുപയോഗിച്ചു ലീവ് എടുക്കുകയോ അല്ലെങ്കിൽ എൻക്യാഷ് ചെയ്തു പണമായി മാറ്റിയെടുക്കുവാനോ സാധിക്കുന്നതാണ്. സറണ്ടർ ചെയ്യുന്ന അത്രയും ആർജിത അവധികൾ ലീവ് അക്കൗണ്ടിൽ നിന്നും കുറയ്ക്കുന്നതാണ്.
ഒരു സാമ്പത്തിക വർഷം പരമാവധി 30 ആർജിത അവധികളെ എൻക്യാഷ് (encash) ചെയ്തു പണമാക്കി മാറ്റാൻ കഴിയുകയുള്ളു. അങ്ങനെ മൊത്തം 30 ആർജിത അവധികൾ എൻക്യാഷ് ചെയ്തു, ഒരു മാസത്തെ ശമ്പളമാക്കി മാറ്റുവാൻ കഴിയുന്നതാണ്.
എന്നാൽ വിരമിക്കാൻ നേരം 300 ആർജിത അവധികൾ വരെ ഒരുമിച്ച് എൻക്യാഷ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ, വിരമിക്കൽ സമയത്തെ ശമ്പള സ്കേലിൽ ഉള്ള 10 മാസത്തെ ശമ്പളമാണ് ലഭിക്കുന്നത്.
വെക്കേഷന്‍ വകുപ്പില്‍ നിന്നും നോണ്‍-വെക്കേഷന്‍ വകുപ്പിലേക്ക് നിയമനം ലഭിക്കുന്നവരുടെ ആര്‍ജ്ജിത അവധി കണക്കാക്കുന്ന വിധം.
വെക്കേഷൻ വകുപ്പിൽ നിന്നും നോൺ-വെക്കേഷൻ വകുപ്പിലേക്ക് നിയമനമോ സ്ഥലംമാറ്റമോ ലഭിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ആർജ്ജിതാവധി (Earned Leave) കേരള സർവീസ് ചട്ടങ്ങൾ (KSR Part I, Rule 81, Note 4) പ്രകാരം താഴെ പറയുന്ന രീതിയിലാണ് കണക്കാക്കുന്നത്:
പൊതുവായ രീതി: ഒരു ഉദ്യോഗസ്ഥൻ വെക്കേഷൻ വകുപ്പിൽ നിന്നും നോൺ-വെക്കേഷൻ വകുപ്പിലേക്ക് മാറുമ്പോൾ, അവധി കണക്കാക്കുന്നതിനായി വെക്കേഷൻ വകുപ്പിലെ അദ്ദേഹത്തിന്റെ സേവനം അദ്ദേഹം അവസാനമായി അനുഭവിച്ച വെക്കേഷൻ അവസാനിക്കുന്ന തീയതിയോടെ (close of the last vacation enjoyed by him) പൂർത്തിയായതായി കണക്കാക്കും.
വെക്കേഷൻ കാലയളവിനിടയിലാണ് മാറ്റം ലഭിക്കുന്നതെങ്കിൽ: വെക്കേഷൻ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് (during the course of vacation) ഉദ്യോഗസ്ഥന് മാറ്റം ലഭിക്കുന്നതെങ്കിൽ, അദ്ദേഹം ഭാഗികമായി അനുഭവിച്ച പ്രസ്തുത വെക്കേഷൻ അവസാനിക്കുന്ന തീയതിയിൽ അദ്ദേഹം നോൺ-വെക്കേഷൻ വകുപ്പിലേക്ക് മാറിയതായി കണക്കാക്കും. കൂടാതെ, ഈ മാറ്റം കാരണം അദ്ദേഹത്തിന് നഷ്ടപ്പെട്ട വെക്കേഷൻ ദിവസങ്ങൾക്ക് ആനുപാതികമായിട്ടുള്ള ആർജ്ജിതാവധി (proportionate amount of earned leave) ചട്ടപ്രകാരം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്നതുമാണ്.
കോടതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വെക്കേഷന്‍ വകുപ്പുകളില്‍ നിന്നും നോണ്‍-വെക്കേഷന്‍ വകപ്പുകളിലേക്കും വിദ്യാഭ്യാസ വകുപ്പില്‍ തന്നെ അദ്ധ്യാപക തസ്തികയില്‍ നിന്നും എ.ഇ.ഒ തുടങ്ങിയ മിനിസ്റ്റീരിയല്‍ തസ്തികകളിലേക്കും ഉദ്യോഗക്കയറ്റം വഴിയും തസ്തികമാറ്റം വഴിയും പലരും ഏഎത്തിച്ചേരാറുണ്ട്. അത്തരം ജീവനക്കാരുടെ ആര്‍ജ്ജിത അവധി കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
(എ). വെക്കേഷന്‍ കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ വെക്കേഷന്‍ ശേഷം നോണ്‍-വെക്കേഷന്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ സേവനം വെക്കേഷന്‍ വകുപ്പില്‍ വെക്കേഷന്‍ അവസാനിച്ച തീയതിയില്‍ അവസാനിച്ചതായി കണക്കാക്കി തൊട്ടുത്ത ദിവസം മുതലുള്ള കാലയളവ് ടിയാള്‍ക്ക് ആര്‍ജ്ജിത അവധിക്കായി കണക്കാക്കും. (Note 4 Rule 81). ഉദാഹരണമായി ഒരു ജീവനക്കാരന്‍ വെക്കേഷന്‍ വകപ്പില്‍ നിന്നും വിടുതല്‍ ചെയ്ത് 01.11.2024 ല്‍ നോണ്‍.-വെക്കേഷന്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു എന്നിരിക്കട്ടെ. ടിയാളുടെ സേവനം വെക്കേഷന്‍ വകപ്പില്‍ 31.05.2025 തീയതിയില്‍ (വെക്കേഷന്‍ അവസാനിച്ച തീയതി) അവസാനിച്ചതായി കണക്കാക്കി 01.06.2025 മുതല്‍ കാലയളവിലേക്ക് ആര്‍ജ്ജിത അവധി കണക്കാക്കേണ്ടതാണ്.
(ബി). വെക്കേഷന്‍ കാലയളവില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ വെക്കേഷന്‍ കാലളവ് ഭാഗീകമായി ഉപയോഗിച്ച ശേഷം നോണ്‍-വെക്കേഷന്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍, വെക്കേഷന്‍ തീരുന്ന മുറയ്ക്ക് മാത്രം ജോലിയില്‍ പ്രവേശിച്ചതായി കണക്കാക്കി ആര്‍ജ്ജിത അവധി കണക്കാക്കേണ്ടതാണ്. എന്നാല്‍ വെക്കേഷന്‍ അനുഭവി ക്കാതിരുന്ന കാലളവിന് ആനുപാതികമായ ആര്‍ജ്ജിത അവധിക്ക് ടിയാള്‍ക്ക് അര്‍ഹതയു ണ്ടായിരിക്കുന്നതാണ്.
ഉദാഹരണമായി വെക്കേഷന്‍ വകുപ്പിലെ ഒരു ജീവനക്കാരന്‍ 01.05.2025 ല്‍ നോണ്‍-വെക്കേഷന്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു എന്നിരിക്കട്ടെ. ടിയാള്‍ 01.06.2025 ല്‍ മാത്രം ജോലിയില്‍ പ്രവേശിച്ചതായി കണക്കാക്കിയായിരിക്കണം നോണ്‍ -വെക്കേഷന്‍ വകുപ്പില്‍ ആര്‍ജ്ജിത അവധി കണക്കാക്കേണ്ടത്. എന്നാല്‍ അതിനു മുമ്പായി 01.05.2016 മുതല്‍ 31.05.2016 വരെ വെക്കേഷന്‍ അനുഭവിക്കാത്ത കാലയളവിന് ആനുപാതികമായ ആര്‍ജ്ജിത അവധി (30/60x31 = 15) ടിയാളടെ ആര്‍ജ്ജിത അവധി കണക്കില്‍ വരവ് വയ്യേണ്ടതാണ്.
7 . ആര്‍ജ്ജിത അവധി - വിനിയോഗിക്കാന്‍ കഴിയുന്നതിന്റെ പരമാവധി. ഒറ്റ പ്രാവശ്യം വിനിയോഗിക്കാന്‍ കഴിയുന്ന ആര്‍ജ്ജിത അവധിയുടെ എണ്ണം 180 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതായത് 300 ദിവസത്തെ ആര്‍ജ്ജിത അവധി കണക്കിലുണ്ടെങ്കിലും തുടര്‍ച്ചയായി 180 ദിവസത്തെ ആര്‍ജ്ജിത അവധി മാത്രമെ പരമാവധി അനുവദിക്കാന്‍ കഴിയു. എന്നാല്‍ സേവനത്തില്‍ നിന്നും വിരമിക്കുന്നതിന് മുന്നോടിയായി (Leave Preparatory to Retirement) അപേക്ഷിക്കുന്നപക്ഷം കണക്കില്‍ ശേഷിക്കുന്ന ആര്‍ജ്ജിത അവധി - പരമാവധി 300 ദിവസം എന്നതിന് വിധേയമായി അനുവദിക്കാവുന്നതാണ്.
നിലവിലെ | നിയമമനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷം ഒരു തവണ പരമാവധി 30 ദിവസം മാത്രമെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്യാനാക. അതായത് ഒരു സാമ്പത്തിക വര്‍ഷം പരമാവധി 30 ദിവസം സറണ്ടര്‍ ചെയ്യാമെങ്കിലും ഉദാഹരണത്തിന് ഒരു തവണ 10 ദിവസം സറണ്ടര്‍ ചെയ്ത് കഴിഞ്ഞാല്‍ ടി സാമ്പത്തിക വര്‍ഷം പിന്നീട് സറണ്ടര്‍ ചെയ്യാനാകില്ല. (വയനാട് ചൂരല്‍മല ദുരന്ത സമയത്ത് ഇതില്‍ ഒരു ഇളവ് നല്‍കിയിട്ടുണ്ട് )
റഗുലര്‍ ജീവനക്കാര്‍ക്ക് സേവനകാലയളവ് ഒരു വര്‍ഷത്തില്‍ താഴെയായിരുന്നാലും കണക്കില്‍ ശേഷിക്കുന്ന ആര്‍ജ്ജിത അവധി പരിധിക്ക് വിധേയമായി സറണ്ടര്‍ ചെയ്യാവുന്നതാണ്.
7. അനുബന്ധം X11 A,C എന്നിവ പ്രകാരം അവധിയില്‍ കഴിയുന്നവര്‍ക്ക് ആര്‍ജ്ജിതാവധി സറണ്ടര്‍ അനുവദിക്കാന്‍ പാടില്ല. (സര്‍ക്കുലര്‍ നമ്പര്‍ 41/79/ഫിന്‍ തീയതി 02.05.1979).
സസ്പെന്‍ഷനിലായിരുന്ന ജീവനക്കാരന് പിന്നീട് സസ്പെന്‍ഷന്‍ കാലയളവ് എല്ലാ കാര്യങ്ങള്‍ക്കും ഡ്യൂട്ടിയായി പരിഗണിച്ച് ഉത്തരവായാല്‍ മുന്‍കാല പ്രാബല്യത്തില്‍ ആര്‍ജ്ജിതാവധി സറണ്ടര്‍ അനുവദിക്കാവുന്നതാണ്. (സര്‍ക്കുലര്‍ നമ്പര്‍ 91/82/ഫിന്‍ തീയതി | 29.12.1982).
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി നിയമിക്കപ്പെട്ടവര്‍ക്കും ആര്‍ജ്ജിത അവധി സറണ്ടര്‍ അനുവദനീയമാണ്.
അപ്രകാരമുള്ള രണ്ട് താത്കാലിക നിയമനങ്ങള്‍ ഒരേ സാമ്പത്തിക വര്‍ഷം തന്നെ അവസാനിച്ചാല്‍ രണ്ടാമത്തെ നിയമനം : അവസാനിക്കുമ്പോള്‍ ശേഷിപ്പുള്ള ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്യാവുന്നതാണ്. അതായത് ഒരു സാമ്പത്തിക വര്‍ഷം ഒരു തവണ മാത്രമെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്യാവൂ എന്ന നിബന്ധന ഇവിടെ ബാധകമല്ല. (സര്‍ക്കുലര്‍ നമ്പര്‍ 68/2017/ഫിന്‍ തീയതി ! 23.08.2017). '
ആര്‍ജ്ജിത അവധി സറണ്ടര്‍ - അവധി ശമ്പളം ഏത് തീയതി മുതല്‍ പ്രാബല്യത്തിലാണോ സറണ്ടര്‍ അപേക്ഷിക്കുന്നത് (as on date) ആ തീയതിയിലെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സറണ്ടര്‍ ശമ്പളം കണക്കാക്കുന്നത്. ഉദാഹരണമായി ഒരാള്‍ 01-02-2026 ല്‍ 30 ദിവസത്തെ ആര്‍ജ്ജിത അവധി സറണ്ടറിന് (surrender of earned leave for 30 days as on 01-02-2026) അപേക്ഷിക്കുന്നു എന്നിരിക്കട്ടെ. ഇവിടെ 01-02-2026 തീയതിയിലെ ടിയാളുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ 30 ദിവസത്തെ അവധി ശമ്പളത്തിനാണ് അര്‍ഹതയുണ്ടാവുക.
മുന്‍ കാല പ്രാബല്യത്തില്‍ ആര്‍ജ്ജിത അവധി സറണ്ടര്‍ അനുവദിക്കുന്നതല്ല. (സര്‍ക്കുലര്‍ നമ്പര്‍ 66/69/ഫിന്‍ തീയതി 29.07.1969). അതായത് അപേക്ഷിക്കുന്ന തീയതി മുതലോ അതിനു ശേഷമോ പ്രാബല്യത്തില്‍ മാത്രമേ ആര്‍ജ്ജിത അവധി സറണ്ടര്‍ അനുവദിക്കാവു.

No comments:
Post a Comment