എസ്ഐ റിട്ടേൺസ്
2 - 3 സ്റ്റേഷനുകളുടെ ചുമതലയിലേക്ക് ഇൻസ്പെക്ടർമാരെ മാറ്റും; ഡിജിപി ശുപാർശ നൽകി
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതലയിലേക്ക് എസ്ഐമാർ മടങ്ങിയെത്തുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്എച്ച്ഒ) എസ്ഐമാരെ നിയമിക്കണമെന്ന ശുപാർശ സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിനു കൈമാറി.
പോലീസ് സ്റ്റേഷനുകളുടെ ചുമതല മുൻപു വഹിച്ചിരുന്നത് എസ്ഐമാരാണ്. 2018 മുതൽ അത് ഇൻസ്പെക്ടർമാർക്കു കൈമാറി. പഴയ രീതിയിലേക്കു മടങ്ങാമെന്ന ശുപാർശയാണ് ആഭ്യന്തര വകുപ്പിന് ഡിജിപി നൽകിയിരിക്കുന്നത്. എസ്ഐമാർ സ്റ്റേഷന്റെ ചുമതലയിലെത്തുന്നതോടെ മുൻപുണ്ടായിരുന്ന രീതിയിൽ 2- 4 സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയിലേക്കു മേലുദ്യോഗസ്ഥരായ ഇൻസ്പെക്ടർമാരെ മാറ്റും.
പ്രധാനപ്പെട്ട 63 സ്റ്റേഷനുകളുടെ ചുമതലയിൽ ഇൻസ്പെക്ടർമാരെ നിലനിർത്തും. പ്രതിവർഷം 3000 കേസുകൾ റജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളാണിവ. ബാക്കി 421 സ്റ്റേഷനുകളുടെ ചുമതല 2 മാസത്തിനകം എസ്ഐമാർക്കു കൈമാറും. ചുമതലയേൽക്കുന്നതിനു മുന്നോടിയായി എസ്ഐമാർക്കു പ്രത്യേക പരിശീലനം നൽകും. എസ്ഐമാർക്കു ചുമതല കൈമാറുന്നതു പരിഗണിക്കുമെന്ന് അധികാരമേറ്റയുടൻ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, സ്റ്റേഷനുകളിലെ അഴിച്ചുപണിയെക്കുറിച്ച് പഠിക്കാൻ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ സമിതിക്കു രൂപം നൽകി.
'സർക്കിൾ' വീണ്ടും‘
2 -3 സ്റ്റേഷനുകളുടെ ചുമതലയിലേക്ക് ഇൻസ്പെക്ടർമാരെ മാറ്റുന്നതോടെ ഇവർ വീണ്ടും 'സർക്കിൾ' ഇൻസ്പെക്ടർമാരാകും. ഒന്നിലധികം സ്റ്റേഷനുകൾ ചേരുന്നതാണ് ഒരു സർക്കിൾ. സംസ്ഥാനത്തു പുതുതായി സർക്കിൾ ഇൻസ്പെക്ടർമാരുടെ 210 തസ്തികകൾ കൂടി സൃഷ്ടിക്കും.
മറ്റു ശുപാർശകൾ
സ്റ്റേഷന്റെ ചുമതലയിൽ നിന്നു മാറ്റുന്ന ഇൻസ്പെക്ടർമാരെ ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി നിയോഗിക്കും. തീവ്രവാദ വിരുദ്ധ സേനയിൽ ഇൻസ്പെക്ടർമാരുടെ എണ്ണം കൂട്ടും.
എല്ലാ പോലീസ് ജില്ലയിലും ഓരോന്നു വീതം ക്രൈം ബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ആസ്ഥാനം ഇൻസ്പെക്ടർമാരെ അധികമായി നിയോഗിക്കും.
കോടതി നടപടികളുടെ മേൽനോട്ടത്തിനായി ഒരു ഇൻസ്പെക്ടറുടെ അധിക തസ്തിക.
ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ ജില്ലാ ആന്റി നാർക്കോട്ടിക് സെല്ലിൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 2 പ്രത്യേക സംഘങ്ങൾ.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബർ പോലീസ് സ്റ്റേഷനുകളിൽ 2 വീതം അധിക ഇൻസ്പെക്ടർമാർ.


No comments:
Post a Comment