Subscribe Us

Breaking News
Loading latest posts...

Monday, June 1, 2026

ആദായനികുതി റീട്ടേൺ : സബ്മിറ്റ്' അമർത്തുംമുമ്പ് എ.ഐ.എസ് ശ്രദ്ധിക്കണം

 ആദായനികുതി റീട്ടേൺ : സബ്മിറ്റ്' അമർത്തുംമുമ്പ് എ.ഐ.എസ് ശ്രദ്ധിക്കണം



ആദായനികുതി റിട്ടേൺ സമർപ്പിക്കുന്ന സമയമായിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങളും നികുതിദായകന്റെ ഉത്തരവാദിത്തം വലിയതോതിൽ വർധിപ്പിച്ചിരിക്കുകയാണ്. അതിനാൽ സാധാരണക്കാരും ശമ്പളവരുമാനക്കാരും നികുതി വകുപ്പുമായി ഇടപെടുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. പിഴവുകൾ അതിവേഗം കണ്ടെത്തുകയും മനപ്പൂർവമല്ലാത്ത ചെറിയ പിഴവുകൾക്കുപോലും നിയമനടപടികൾ നേരിടേണ്ടിവരുകയും ചെയ്യുമെന്നതാണ് ഇപ്പോൾ നികുതിദായകർ നേരിടുന്ന പ്രധാന വെല്ലുവിളി.
മുൻകാലങ്ങളിൽ വ്യക്തിഗത നികുതിദായകർ പലരും എച്ച്.ആർ.എ, സംഭാവനകൾ, ഭവനവായ്പ മുതലായവ കൊടുക്കാത്തത് കൊടുത്തുവെന്ന് പറയുക, കൂടുതൽ തുക കൊടുത്തതായി കാണിക്കുക തുടങ്ങിയ ചില തെറ്റുകൾ ചെയ്തിരുന്നു. എന്നാൽ, ഇനി അത്തരം തെറ്റുകൾ നിങ്ങളെ നിയമക്കുരുക്കിലാക്കും പിഴയിടാക്കാനും കാരണമാകും. ഇപ്പോൾ സമർപ്പിക്കുന്ന റിട്ടേൺ (ഐ.ടി.ആർ) വെറുമൊരു വരുമാന വിവരപ്പട്ടികയല്ല, മറിച്ച് ആദായനികുതി വകുപ്പിന്റെ കൈവശമുള്ള വിവരങ്ങളുമായുള്ള ഒരു ഒത്തുനോക്കൽ രേഖകൂടിയാണ് എന്ന് തിരിച്ചറിയണം. അതിനാൽ ഇൻകം ടാക്സ് പോർട്ടലിലെ 'സബ്മിറ്റ്' ബട്ടൺ അമർത്തുന്നതിനുമുമ്പ് തെറ്റൊന്നുമില്ലെന്നും കടന്നുകൂടിയിട്ടില്ലെന്നും ഒരവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, 'സബ്മിറ്റ്' ബട്ടൺ കണ്ട് 'പാനിക്' ആകേണ്ട കാര്യമില്ല. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിന് വ്യക്തമായ ധാരണയുണ്ടെന്നത് ഓർമവേണം.
നികുതിദായകരുടെ വാർഷിക വിവര പ്രസ്താവന അഥവാ ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് (എ.ഐ.എസ്) ആദായനികുതി റിട്ടേൺ നൽകുന്നതിൽ വളരെ പ്രധാനമാകുകയാണ്. നികുതിദായകന്റെ ഓരോ സാമ്പത്തിക വർഷത്തെയും പൂർണവിവരങ്ങൾ നൽകുന്ന ഈ പ്രസ്താവന സാമ്പത്തിക ജീവിതത്തിന്റെ ഡിജിറ്റൽ പ്രതിഫലനമായിരിക്കുന്നു. ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, രജിസ്ട്രാർ ഓഫീസുകൾ തുടങ്ങി നിങ്ങൾ ഇടപെട്ടിട്ടുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചാണ് ആദായനികുതിവകുപ്പ് ഇത് തയ്യാറാക്കുന്നത്. അതിനാൽ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം.
❇️പൊരുത്തക്കേടുകൾ ഒഴിവാക്കുക:നിങ്ങളുടെ എഐഎസിലുള്ള ലാഭവിഹിതമോ, പലിശയോ, ഓഹരിവിൽപ്പനയോ അങ്ങനെ എന്തുമാകട്ടെ അത് ഐ.ടി.ആറിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ സിസ്റ്റം ഉടനടി തിരിച്ചറിയും. സ്വയമേവ നോട്ടീസ് അയക്കുകയും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യാം.
❇️ഫീഡ്ബാക്ക് നൽകണം: എഐഎസിലെ വിവരങ്ങൾ തെറ്റാണെങ്കിൽ (ഉദാഹരണത്തിന് മറ്റൊരാളുടെ ഇടപാട് നിങ്ങളുടെ പേരിൽ വന്നാൽ) റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പുതന്നെ പോർട്ടലിലൂടെ 'ഫീഡ്ബാക്ക്' നൽകണം.
നിർമിതബുദ്ധി (എഐ) അധിഷ്ഠിത സംവിധാനം ഈ ഫീഡ്ബാക്കിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. നിങ്ങളുടെ പേരിലുള്ള ഒരു വിവരം നിങ്ങൾ നിരാകരിക്കാതിരിക്കുകയും അത് നിങ്ങളുടെ ഇടപാടായി കണക്കാക്കും. അതിനാൽ റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് എഐഎസ് വിശദമായി പരിശോധിച്ച് നിങ്ങളുടെതല്ലാത്ത ഇടപാടുകൾ ഒന്നും അതിൽ ഇല്ല എന്ന് ഉറപ്പുവരുത്തണം. ആദായനികുതി ഇ ഫയലിങ് അക്കൗണ്ടിൽ ലോഗിൻ ചെയ്ത് എഐഎസ് എടുക്കാവുന്നതാണ്.
❇️വീട്ടുവാടകയും സംഭാവനകളുമെല്ലാം
നിങ്ങൾ അവകാശപ്പെടുന്ന ഓരോ ചെലവും കിഴിവും ആദായനികുതിവകുപ്പ് ഇപ്പോൾ മറ്റു സ്രോതസ്സുകളുമായി ഒത്തുനോക്കുന്നുണ്ട്. അതിനാൽ, അവകാശപ്പെടുന്നത് നിങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ഉറപ്പാക്കി അതിനെ പിന്തുണയ്ക്കുന്ന രേഖകളുടെ സഹായത്തോടെമാത്രം റിട്ടേൺ ഫയൽ ചെയ്യുക.
ഉദാഹരണത്തിന്, വീട്ടുവാടക വർഷം ഒരുലക്ഷത്തിൽ കൂടുതലാണെങ്കിൽ വീട്ടുടമയുടെ പാൻകൂടി നൽകിയാലേ ഇളവ് ലഭിക്കൂ. നിങ്ങളുടെ റിട്ടേണിലെ വിവരവും ഉടമസ്ഥന്റെ റിട്ടേണിലെ വാടകവരുമാനവുമായി സിസ്റ്റം ഒത്തുനോക്കും. ഇതിൽ മാറ്റം കണ്ടാൽ നോട്ടീസ് ലഭിച്ചേക്കാം.
സംഭാവനകളുടെ കാര്യത്തിലും ഇതു തന്നെയാണ്. പുതിയ ചട്ടങ്ങൾ പ്രകാരം, നിങ്ങളുടെ കൈയിൽ രസീത് ഉണ്ടെങ്കിലും നിങ്ങൾ നൽകിയ സംഭാവനകൾ സ്വീകരിച്ച സ്ഥാപനങ്ങൾ ഫോറം 10 ബിഡി ഫയൽ ചെയ്തിട്ടുണ്ടെങ്കിൽമാത്രമേ ഇളവ് ലഭിക്കൂ.
ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും നിങ്ങളുടെ ഭവനവായ്പ പലിശ, ഇൻഷുറൻസ് ഇടപാടുകൾ നേരിട്ട് വകുപ്പിനെ അറിയിക്കുന്നുണ്ട്. അതിനാൽ ഐടിആറിൽ ഭവനവായ്പ പലിശയിലോ ആരോഗ്യ ഇൻഷുറൻസിലോ തെറ്റായ കണക്കുകൾ കാണിക്കുന്നതും അപകടകരമാണ്.
❇️സാധാരണക്കാരും ശമ്പളവരുമാനക്കാരും ആധുനികയുഗത്തിൽ വകുപ്പുമായി ഇടപെടുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണം. മനപ്പൂർവമല്ലാത്ത ചെറിയ പിഴവുകൾക്കുപോലും നിയമനടപടികൾ നേരിടേണ്ടിവരും എന്നതാണ് ഇപ്പോൾ നികുതിദായകർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി.
അശ്രദ്ധമായി 'സബ്മിറ്റ്' ചെയ്താൽ
സൂക്ഷ്മപരിശോധന നടത്താതെ ഐടിആർ സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ തെറ്റായ വിവരങ്ങൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ നിങ്ങൾ നൽകുന്ന ഒറിജിനൽ റിട്ടേൺ (ഡിഫക്റ്റീവ് റിട്ടേൺ) നൽകിയതായി സിസ്റ്റം കണക്കാക്കും. തിരുത്താൻ 15 ദിവസം അനുവദിക്കും. അതിനുള്ളിൽ തിരുത്തിയ റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ മുമ്പ് നൽകിയത് അസാധുവാക്കി നിങ്ങൾ റിട്ടേൺ സമർപ്പിച്ചിട്ടില്ല എന്ന് കണക്കാക്കി നിയമനടപടികളിലേക്ക് കടന്നേക്കാം.
കനത്ത പിഴയാണ് കാത്തിരിക്കുന്ന മറ്റൊരു പ്രത്യാഘാതം. വരുമാനം തെറ്റായി കാണിക്കുകയോ മറച്ചുവയ്ക്കുകയോ ഇല്ലാത്ത ഇളവുകളും കിഴിവുകളും അവകാശപ്പെടുകയോ ചെയ്താൽ, അടയ്ക്കേണ്ട നികുതിയുടെ 50 മുതൽ 200 ശതമാനംവരെ പിഴ ഈടാക്കിയേക്കാം.
ഇന്ന് കാണുന്നത് നാളെ മാറും
എഐഎസ് സ്ഥിരതയില്ല എന്ന കാര്യം മറക്കരുത്. അതിൽ ഇന്ന് കാണുന്നത് നാളെ മാറിയേക്കാം, അല്ലെങ്കിൽ പുതിയവ കൂട്ടിച്ചേർക്കപ്പെടാം. ഇതിന് ആവശ്യമായ ഡാറ്റ സമർപ്പിക്കുന്നവർ അത് സമർപ്പിക്കുന്നതിനനുസരിച്ച് വിവരങ്ങൾ മാറിക്കൊണ്ടിരിക്കും. അതിനാൽ എഐഎസിൽ ഇല്ല എന്നതുകൊണ്ട് ഒരു വരുമാനവും ഒഴിവാക്കാതിരിക്കുക. ചിലപ്പോൾ നിങ്ങൾ ഫയൽ ചെയ്തതിന് ശേഷമായിരിക്കാം വിട്ടുകളഞ്ഞ വരുമാനം അതിലേക്ക് വരുന്നത്. അപ്പോൾ വരുമാനം മറച്ചുവെച്ച് കുറച്ചുകാണിച്ചതായി വ്യാഖ്യാനിക്കപ്പെടുകയും വകുപ്പ് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തേക്കാം.
ചുരുക്കത്തിൽ, ഐടിആർ സമർപ്പിക്കുമ്പോൾ എത്ര നികുതി ലാഭിക്കാം എന്നതിലുപരി നിങ്ങളുടെ സാമ്പത്തിക കണക്കുകൾ എത്ര കൃത്യമായി സർക്കാരുമായി പൊരുത്തപ്പെടുത്താം എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. സത്യസന്ധതയാണ് ഏറ്റവും വലിയ നികുതി ആസൂത്രണം.
5 നിർദേശങ്ങൾ
1️⃣ തിടുക്കം ഒഴിവാക്കുക:2025-26 സാമ്പത്തിക വർഷത്തെ ഐടിആർ ഫയലിങ് ഔദ്യോഗികമായി ആരംഭിച്ചെങ്കിലും സമർപ്പിക്കാൻ തിരക്ക് പിടിക്കരുത്. ബാങ്കുകളും മറ്റും നിങ്ങളുടെ സാമ്പത്തിക ഇടപാട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനായി കാത്തിരിക്കുക. മെയ് 31 ആണ് അവർക്ക് വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 31 വരെ ഐടിആർ സമർപ്പിക്കാം.
2️⃣വിവരങ്ങൾ ഉറപ്പുവരുത്തുക: അവകാശപ്പെടുന്ന ഇളവുകളുടെയും കിഴിവുകളുടെയും രേഖകൾ കൈവശം ഉണ്ടെന്നും അവ നൽകുന്ന കണക്കുകളുമായി ഒത്തുപോകുന്നുണ്ടെന്നും ഉറപ്പാക്കുക.
3️⃣രേഖകൾ സൂക്ഷിക്കുക: ഡിജിറ്റൽ യുഗമാണെങ്കിലും, എല്ലാ രസീതുകളും സർട്ടിഫിക്കറ്റുകളും കുറഞ്ഞത് എട്ടുവർഷമെങ്കിലും സൂക്ഷ്മമായി സൂക്ഷിക്കുക.
4️⃣എഐഎസിലെ വിവരങ്ങൾക്ക് മുൻഗണന: ഫോറം 26 എഎസ്, എഐഎസ് വിവരങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ എപ്പോഴും എഐഎസിലെ വിവരങ്ങൾക്ക് മുൻഗണന നൽകി പരിശോധിക്കുക.
5️⃣വിദഗ്ധസഹായം:സങ്കീർണമായ ആദായനികുതി കേസുകളിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഉപദേശം തേടുന്നത് നല്ലതാണ്. പിഴവുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

No comments:

Post a Comment