ഔദ്യോഗിക വിവരങ്ങൾ നൽകാത്ത സ്പാർക്ക് അക്കൗണ്ടുകൾ മരവിപ്പിക്കും
നടപടി 6 മാസമായി അപ്ഡേഷൻ ഇല്ലാത്ത അക്കൗണ്ടുകൾക്കെതിരെ; ശമ്പളവും തടയും
ഔദ്യോഗിക വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതു കാരണം 6 മാസം തുടർച്ചയായി ശമ്പളം ലഭിക്കാതിരിക്കുന്ന സർക്കാർ ജീവനക്കാരുടെ സ്പാർക്ക് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാനും ശമ്പളം തടയാനും ധനവകുപ്പിന്റെ ഉത്തരവ്.
എല്ലാ വകുപ്പ് മേധാവികൾക്കും ഡ്രോയിങ് ഓഫീസർമാർക്കും ജീവനക്കാരുടെ പൂർണ്ണ വിവരങ്ങൾ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ ജൂലൈ 31 വരെ സർക്കാർ സമയം നൽകും. ഇതിനു ശേഷം അക്കൗണ്ട് ലോക്കായാൽ വീണ്ടും തുറക്കുക ബുദ്ധിമുട്ടാകും. വകുപ്പ് മേധാവി വഴി സർക്കാരിലേക്ക് ഔദ്യോഗിക അപേക്ഷ സമർപ്പിക്കേണ്ടി വരും. ആവശ്യമായ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ സ്പാർക്ക് കൺട്രോളർക്ക് അക്കൗണ്ട് വീണ്ടും തുറക്കാനും ശമ്പളം അനുവദിക്കാനും സാധിക്കൂ എന്നും ഉത്തരവിൽ പറയുന്നു.
വിവിധ വകുപ്പുകൾ ജീവനക്കാരുടെ വിവരങ്ങൾ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുന്നില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധികളോ മറ്റ് അവധികളോ ഔദ്യോഗികമായി അംഗീകരിക്കുന്നതിൽ ഓഫീസർമാർ കാലതാമസം വരുത്തുന്നുവെന്നും ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. താൽക്കാലിക ജീവനക്കാരുടെ പ്രൊഫൈലുകൾ സൃഷ്ടിച്ച ശേഷം തുടർനടപടി സ്വീകരിക്കാതെ ഉപേക്ഷിക്കുന്നു. ഒരു ജീവനക്കാരനെ സസ്പെൻഡ് ചെയ്യുമ്പോൾ, ആ വിവരം സിസ്റ്റത്തിൽ പുതുക്കാനോ അവരുടെ ശമ്പളം കുറയ്ക്കാനോ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. ജീവനക്കാരുടെ സ്ഥലമാറ്റവും വിരമിക്കലും രേഖപ്പെടുത്താത്തവരുമുണ്ട്.


No comments:
Post a Comment