കേരള സംസ്ഥാന ട്രഷറി വകുപ്പ്

സംസ്ഥാനത്തിൻ്റെ സാമ്പത്തിക നടത്തിപ്പിലും സർക്കാർ പണം കൈകാര്യം ചെയ്യുന്നതിലും നിർണായക പങ്കുവഹിക്കുന്ന വകുപ്പാണ് ട്രഷറി വകുപ്പ്.

കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ട്രഷറി വകുപ്പ് റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്നു. 30.07.1963-ലെ സ.ഉ.(അച്ചടി) 465/63/ധന നമ്പർ ഉത്തരവ് പ്രകാരം 01.08.1963 മുതൽ ട്രഷറി വകുപ്പ് സ്വതന്ത്രവകുപ്പായി പ്രവർത്തനം ആരംഭിച്ചു. ട്രഷറി വകുപ്പിന്റെ ഭരണപരമായ നിയന്ത്രണം ഇപ്പോൾ ധനകാര്യ വകുപ്പിനാണ്.

വകുപ്പ് മേധാവിയായ ട്രഷറി ഡയറക്ടറുടെ കീഴിൽ ഭരണ സൗകര്യാർത്ഥം സംസ്ഥാനത്തെ ട്രഷറികളെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. ട്രഷറി ഡയറക്ടറേറ്റിനൊപ്പം പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ആസ്ഥാനമേഖല, കോട്ടയം ആസ്ഥാനമായുള്ള ദക്ഷിണമേഖല, തൃശ്ശൂർ ആസ്ഥാനമായുള്ള മധ്യമേഖല, കോഴിക്കോട് ആസ്ഥാനമായുള്ള ഉത്തരമേഖല എന്നിവയാണ് നാല് മേഖലകൾ. ഈ മേഖലകളുടെ ചുമതല ഡെപ്യൂട്ടി ഡയറക്ടർമാർക്കാണ്.

ഡയറക്ടറേറ്റ്, മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകൾ എന്നിവ കൂടാതെ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കാസർഗോഡ് എന്നീ അഞ്ച് ജില്ലകൾ ഒഴികെയുള്ള ഒൻപത് ജില്ലകളിൽ നിലവിലുള്ള റൂറൽ ജില്ലാ ട്രഷറികൾ ഉൾപ്പെടെയുള്ള 23 ജില്ലാ ട്രഷറികൾ, ഒരു പ്രിൻസിപ്പൽ സബ് ട്രഷറി, 4 അഡീഷണൽ സബ് ട്രഷറികൾ, 8 പെൻഷൻ പെയ്മെൻ്റ് സബ് ട്രഷറികൾ എന്നിവയുൾപ്പെടെ ആകെ 201 സബ് ട്രഷറികൾ, 12 സ്റ്റാമ്പ് ഡിപ്പോകൾ എന്നിവയും ട്രഷറി വകുപ്പിന് കീഴിലുണ്ട്.

പ്രിൻസിപ്പൽ സബ് ട്രഷറി തിരുവനന്തപുരം ജില്ലയിൽ കിഴക്കേക്കോട്ടയിലും നാല് അഡീഷണൽ സബ് ട്രഷറികൾ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിലായും, 8 പെൻഷൻ പേയ്മെന്റ്റ് സബ് ട്രഷറികൾ തിരുവനന്തപുരം, നെയ്യാറ്റിൻകര, കൊല്ലം, ആലപ്പുഴ, ചങ്ങനാശ്ശേരി, എറണാകുളം, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലുമായാണ് പ്രവർത്തിക്കുന്നത്.

ട്രഷറി വകുപ്പിന് കീഴിൽ സംസ്ഥാനത്ത് 12 സ്റ്റാമ്പ് ഡിപ്പോകളാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ 12 ജില്ലകളിലും സ്റ്റാമ്പ് ഡിപ്പോകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 9 എണ്ണം ജില്ലാ ട്രഷറികളോട് ചേർന്നും നെടുങ്കണ്ടം (ഇടുക്കി), മഞ്ചേരി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നീ 3 സ്റ്റാമ്പ് ഡിപ്പോകൾ പ്രത്യേകം ഓഫീസുകളായും പ്രവർത്തിക്കുന്നുണ്ട്.

വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ

ട്രഷറി വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു.

കേരള സർക്കാരിലേക്കുള്ള പണം സ്വീകരിക്കൽ

സർക്കാരിൽ നിന്നുമുള്ള പണം വിതരണം

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ വിതരണം

സംസ്ഥാന സർക്കാർ പെൻഷൻകാരുടെ പെൻഷൻ പെയ്മെന്റ് ഓർഡറിന്റെ പരിപാലനവും പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ വിതരണവും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിതരണം

സർക്കാർ അക്കൗണ്ടുകളുടെ തയ്യാറാക്കലും പരിപാലനവും

അക്കൗണ്ടന്റ് ജനറലിന് അക്കൗണ്ടുകൾ റെണ്ടർ ചെയ്യുക

സേവിംഗ്സ് ബാങ്ക് ബിസിനസിന്റെ നടത്തിപ്പ്

സ്റ്റാമ്പുകൾ, മുദ്രപത്രങ്ങൾ എന്നിവയുടെ വിതരണം

സംസ്ഥാന സർക്കാരിൻ്റെ സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി (ഇ - സ്റ്റാമ്പിംഗ്)

സർക്കാർ പ്രോമിസറി നോട്ടുകളുടെ എൻക്യാഷ്മെന്റ്

ഫാമിലി ബെനിഫിറ്റ് സ്കീമുമായി ബന്ധപ്പെട്ട ഡ്രോയിംഗ് ഓഫീസർ തിരിച്ചുള്ള അക്കൗണ്ടുകളുടെ പരിപാലനം

തെരഞ്ഞെടുപ്പ് സാമഗ്രികൾ, ചോദ്യപേപ്പറുകൾ, ഉത്തരക്കടലാസ്സുകൾ, സർക്കാർ വകുപ്പുകളുടേയും കോടതികളുടേയും വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷിതമായ സൂക്ഷിപ്പ്.

ഇന്ത്യയിൽ പബ്ലിക് ഫിനാൻസ് മാനേജ് മെന്റ് സിസ്റ്റം (PFMS) ആദ്യമായി നടപ്പാക്കിയ സ്ഥാപനങ്ങളിൽ ഒന്നാണ് ട്രഷറി വകുപ്പ്. നിലവിൽ ട്രഷറി മുഖേനയുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും പൂർണമായും ഇലക്ട്രോണിക് ഫണ്ട് സെറ്റിൽമെന്റ് ഉള്ള 'ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് സിസ്റ്റം - കേരളം' (IFMS-K) എന്ന സമ്പൂർണ്ണ വെബ് അധിഷ്ഠിത ഓൺലൈൻ ഇടപാട് പ്രോസസിംഗ് സിസ്റ്റം മുഖേനയാണ് കൈകാര്യം ചെയ്തുവരുന്നത്.
No comments:
Post a Comment